എസ് ശ്രീകണ്ഠൻ
ന്യൂഡെൽഹി: സൈബർ സുരക്ഷാ വിദഗ്ദ്ധർക്ക് ഇന്ത്യയിൽ ഇതാ സുവർണാവസരം.64,000 സൈബർ സുരക്ഷാ വിദഗ്ദ്ധരെയാണ് നമ്മുടെ കമ്പനികൾക്ക് ഉടനടി വേണ്ടത്. ഇത് വെറുമൊരു കണക്കല്ല. ഡേറ്റാ സെക്യൂരിറ്റി കൗൺസിൽ ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിലാണ് ഇക്കാര്യം വിശദമായി പറയുന്നത്.
മേൽപ്പറഞ്ഞ 64,000 ൽ 11000 തസ്തികകൾ സൈബർ സെക്യൂരിറ്റി പ്രോഡക്ട് ഡവലപ്പേഴ്സിൻ്റേതാണ്. വിവിധ കമ്പനികളിലായി ഡേറ്റ സെക്യൂരിറ്റി കൗൺസിൽ ഓഫ് ഇന്ത്യ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ.
2025 ഓടെ 10 ലക്ഷം പേർക്ക് ഈ മേഖലയിൽ തൊഴിൽ ഉണ്ടാവുമെന്നാണ് ഡേറ്റ സെക്യൂരിറ്റി കൗൺസിൽ ഓഫ് ഇന്ത്യയുടെ നിഗമനം. ഡിജിറ്റൽ ഇടപാടുകൾ കൂടുന്നതും വീട്ടിൽ ഇരുന്ന് ജോലി സാർവ്വത്രികമാവുന്നതും ഈ മേഖലയിൽ കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കും. ഈ മേഖലയിൽ പ്രതീക്ഷിക്കുന്ന വാർഷിക വളർച്ചാ നിരക്ക് 21 ശതമാനമാണ്.
ഇപ്പോൾ സൈബർ സുരക്ഷാ മേഖലയിൽ ഏതാണ്ട് രണ്ടു ലക്ഷത്തോളം പേർ ഇന്ത്യയിൽ പണിയെടുക്കുന്നുണ്ട്. 2019 ൽ ഇത് ഒരു ലക്ഷമായിരുന്നുവെന്ന് ഓർക്കണം. ഒരു വർഷത്തിനകം ഇരട്ടിയായി. ഈ സാദ്ധ്യതാ മേഖല തിരിച്ചറിഞ്ഞ് കരിക്കുലം ഭേദഗതിക്ക് നമ്മുടെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ തയ്യാറായാൽ വലിയ നേട്ടത്തിന് അത് കളമൊരുങ്ങും.