കേരളത്തിലെ കോൺഗ്രസിൽ മാറ്റങ്ങൾ അനിവാര്യം; ഉമ്മൻചാണ്ടിയും ചെന്നിത്തലയും പാർട്ടിയെ നയിക്കും: താരിഖ് അൻവർ

ന്യൂഡെൽഹി: കേരളത്തിലെ കോൺഗ്രസിൽ മാറ്റങ്ങൾ അനിവാര്യമെന്ന് എ ഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ. വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും ഉൾപ്പെടുന്ന കൂട്ടായ നേതൃത്വം പാർട്ടിയെ നയിക്കുമെന്നും താരിഖ് അൻവർ വ്യക്തമാക്കി.

തെരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിക്കില്ല. കൂട്ടായ നേതൃത്വത്തെ മുന്നോട്ടുവെക്കും. മുഖ്യമന്ത്രി ആരാകുമെന്ന് തെരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കുമെന്നും താരിഖ് അൻവർ ചൂണ്ടിക്കാട്ടുന്നു. ഉമ്മൻചാണ്ടിയെ തിരഞ്ഞെടുപ്പ് പ്രചരണസമിതി ചെയർമാൻ ആക്കുന്ന കാര്യം ചർച്ച ചെയ്യും.

കേരളത്തിലെ കോൺഗ്രസിന് നിലവിലെ രീതിയിൽ മുന്നോട്ടു പോകാനാവില്ല. തന്ത്രങ്ങൾ രൂപീകരിക്കുന്നതിൽ മാറ്റങ്ങൾ അനിവാര്യമാണ്. ഇപ്പോൾ തന്ത്രങ്ങൾ രൂപീകരിക്കുന്നതിൽ ആശയകുഴപ്പം വ്യക്തമാണ്. ഒരു വിഷയത്തിൽ നേതാക്കൾ പലതരം നിലപാടുകൾ സ്വീകരിക്കുന്നത് അനുവദിക്കാൻ കഴിയില്ലെന്നും ഹൈക്കമാൻഡിന് നൽകിയ പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു.

എംപി മാരെ നിയമസഭയിലേക്ക് മത്സരിപ്പിക്കില്ല. യുഡിഎഫ് കൺവീനർ എംഎം ഹസനെതിരെ എംപി മാരും എംഎൽഎ മാരും കത്ത് നൽകിയെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്നും കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പ് തോൽവിയെക്കുറിച്ചുള്ള റിപ്പോർട്ട് താരിഖ് അൻവർ കോൺഗ്രസ്‌ അധ്യക്ഷക്ക് കൈമാറി.

എന്നാൽ തിരഞ്ഞെടുപ്പിന് മുൻപ് താഴെ തട്ടിൽ അഴിച്ചു പണി ഉണ്ടാകും. തദ്ദേശ തിരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ചുള്ള റിപ്പോർട്ട് താരിഖ് അൻവർ കോൺഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധിക്ക് കൈമാറി.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പല കാരണങ്ങളാൽ ക്രൈസ്തവ, മുസ് ലിം വോട്ട് ബാങ്കുകൾ യുഡിഎഫിൽ നിന്ന് അകന്നു. അവരെ തിരികെ കൊണ്ടുവരാനുള്ള നടപടികൾ സംഘടനാ തലത്തിൽ സ്വീകരിക്കണം. ജില്ലാ, മണ്ഡലം, ബ്ലോക്ക് തലത്തിൽ അഴിച്ചുപണി വേണം. ഇതിനുള്ള നടപടികൾ വേഗത്തിലാവണം. വയനാട് എംപി എന്ന നിലയിൽ കേരളത്തിലെ രാഷ്ട്രീയ കാര്യങ്ങളിൽ രാഹുൽഗാന്ധി ശ്രദ്ധിക്കണം. യുഡിഎഫും എൽഡിഎഫും തമ്മിലുള്ള വോട്ട് വ്യത്യാസം 0.9 ശതമാനം മാത്രമാണ്. യുഡിഎഫിന് അനുകൂലമായ സാഹചര്യമാണ് സംസ്ഥാനത്തുള്ളത്.

ഗ്രൂപ്പ് അടിസ്ഥാനത്തിൽ സ്ഥാനാർഥികളെ നിശ്ചയിക്കരുത്. കഴിവുള്ളവരെ കണ്ടെത്തി അവർക്ക് നിയമസഭ തെരഞ്ഞെടുപ്പിൽ മൽസരിക്കാൻ അവസരം നൽകണം. അതിനുള്ള സംവിധാനം പാർട്ടി രൂപീകരിക്കണം. മുഖ്യമന്ത്രി സ്ഥാനാർഥി ആരാണെന്ന് ഇപ്പോൾ പറയാനാകില്ല.

ജനുവരി നാല്, അഞ്ച് തീയതികളിൽ താരിഖ് അൻവർ വീണ്ടും കേരളത്തിലെത്തും. പോഷക സംഘടനകളുടെയും താഴേത്തട്ടിലെയും മാറ്റങ്ങൾ തീരുമാനിക്കും. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ അനുമതിക്ക് ശേഷം കേരളത്തിലെ നേതാക്കളുടെ നിലപാട് ആരായും.