ഇന്ത്യൻപൗരത്വമില്ലാത്ത പാക് വനിത ഉത്തർപ്രദേശിൽ ഒരു വർഷമായി പഞ്ചായത്ത് പ്രസിഡൻ്റ്

ലഖ്‌നൗ: പാക് പൗരത്വമുള്ള വനിത ഉത്തർപ്രദേശിൽ പഞ്ചായത്ത് പ്രസിഡന്റായി. ഉത്തർപ്രദേശിലെ എറ്റാവിലാണ് സംഭവം. പാക് വനിത പഞ്ചായത്ത് പ്രസിഡന്റായെന്ന വാർത്ത പുറത്ത് വന്നതിന് പിന്നാലെ അന്വേഷണത്തിന് ഉത്തരവിട്ടു. 65കാരിയായ പാക് വനിതയെ സ്ഥാനത്തുനിന്ന് നീക്കുകയും ചെയ്തു. ജലേസർ ഗ്രാമ പഞ്ചായത്തിലാണ് ബാനോ ബീഗം എന്ന സ്ത്രീ ഇടക്കാല പ്രസിഡന്റായി തെരഞ്ഞെടുത്തത്.

ഇന്ത്യൻപൗരത്വമില്ലാത്ത ഇവർ എങ്ങനെ തെരഞ്ഞെടുപ്പിൽ മത്സരിച്ച് പഞ്ചായത്ത് അംഗവും പ്രസിഡന്റുമായെന്ന് അന്വേഷിക്കാൻ മജിസ്‌ട്രേറ്റ് സുഖ്‌ലാൽ ഭാരതി ഉത്തരവിട്ടു. ഇന്ത്യൻ പൗരനെ വിവാഹം ചെയ്ത് ദീർഘകാല വിസയിൽ താമസിക്കുകയാണ് 65കാരി. ആധാർ കാർഡും മറ്റ് രേഖകളും സംഘടിപ്പിച്ചാണ് ഇവർ തെരഞ്ഞെടുപ്പിൽ മത്സരിച്ചെതെന്നാണ് പ്രാഥമിക നിഗമനം.

തദ്ദേശവാസികൾ നൽകിയ പരാതിയെ തുടർന്നാണ് സംഭവം അന്വേഷിക്കാൻ അധികൃതർ ഉത്തരവിട്ടത്.40 വർഷം മുമ്പാണ് ബാനോ ബീഗം ഇന്ത്യൻ പൗരനായ അക്തർ അലിയെ വിവാഹം ചെയ്ത് കറാച്ചിയിൽ നിന്ന് ഇന്ത്യയിലെത്തിയത്. നിരവധി തവണ പൗരത്വത്തിന് അപേക്ഷിച്ചെങ്കിലും ലഭിച്ചില്ല.

2015ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ബാനോ ബീഗം പഞ്ചായത്ത് അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. ഈ വർഷം ജനുവരി ഒമ്പതിന് പഞ്ചായത്ത് പ്രസിഡന്റ് മരിച്ചതിന് ശേഷമാണ് ബാനോ ബീഗം ഇടക്കാല പ്രസിഡന്റായതും ഇപ്പോഴും ആ സ്ഥാനത്ത് തുടരുന്നതും.