നെയ്യാറ്റിൻകര സംഭവം; ജനരോഷം തണുപ്പിക്കാൻ കണ്ണിൽ പൊടിയിടുന്ന അന്വേഷണം; അതിനപ്പുറം ഒന്നുമുണ്ടാകില്ലെന്ന് സൂചന

തിരുവനന്തപുരം: ജനരോഷം തണുപ്പിക്കാൻ കണ്ണിൽ പൊടിയിടുന്ന അന്വേഷണം, നടപടി എന്നൊക്കെ സർക്കാരും അധികാരികളും പറഞ്ഞെങ്കിലും അതിനപ്പുറമൊന്നും നെയ്യാറ്റിൻകരയിലെ ദമ്പതികളുമായി ബന്ധപ്പെട്ട് ഉണ്ടാകാനിടിയില്ലെന്ന് സൂചന. എത്രയും വേഗം റിപ്പോർട്ട് സമർപ്പിക്കാൻ റൂറൽ എസ്പിയോട് പോലീസ് മേധാവി ആവശ്യപ്പെട്ടെങ്കിലും കാര്യമായ നടപടിയുണ്ടായില്ല. മരിച്ചവരുടെ മക്കളുടെ മൊഴിയെടുക്കാൻപോലും റൂറൽ എസ്പിയോ ചുമതലപ്പെടുത്തിയവരോ എത്തിയില്ല.

അതേസമയം, തങ്ങൾ ചെയ്തത് ഡ്യൂട്ടിയാണെന്ന വാദമാണ് പോലീസുകാർക്കിടയിൽനിന്ന് ഉയരുന്നത്. പൊള്ളലേറ്റ് ചികിത്സയിൽ കഴിയുന്ന പോലീസ് ഉദ്യോഗസ്ഥനെക്കുറിച്ച് ആരും ചർച്ചചെയ്യുന്നില്ലെന്നും പോലീസ് ചൂണ്ടിക്കാട്ടുന്നു. മരിച്ച രാജന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ വിശദമായ അന്വേഷണത്തിനുശേഷമാകും നടപടി.

നെയ്യാറ്റിൻകര സംഭവത്തിൽ പോലീസ് മേധാവിക്ക് പുറമേ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ, ബാലാവകാശ കമ്മിഷൻ എന്നിവരും റൂറൽ എസ്പിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. ഇരുഭാഗത്തുനിന്നും പ്രതിഷേധങ്ങൾ ഉയരുന്ന സാഹചര്യത്തിൽ സർക്കാർ നിർദേശപ്രകാരം നടപടികൾ സ്വീകരിക്കുകയാണ് ഉചിതമെന്ന അഭിപ്രായവും മുതിർന്ന ഉദ്യോഗസ്ഥർ പങ്കുവെക്കുന്നു.

പ്രാഥമിക റിപ്പോർട്ട് പോലീസ് മേധാവിക്ക് നൽകിയശേഷം നിർദേശങ്ങൾക്കനുസരിച്ച് മാത്രമേ പോലീസുകാർക്കെതിരേയുള്ള നടപടികളിലേക്ക് നീങ്ങൂവെന്നാണ് സൂചന. നാലാഴ്ചയ്ക്കകം സംഭവത്തെക്കുറിച്ച് റിപ്പോർട്ട് നൽകാനാണ് മനുഷ്യാവകാശ കമ്മിഷൻ നിർദേശിച്ചിരിക്കുന്നത്. കുട്ടികളോടുള്ള പെരുമാറ്റത്തിന്റെ അടിസ്ഥാനത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ ബാലാവകാശ കമ്മിഷനും റൂറൽ എസ്പിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതൊക്കെ വെറും ചടങ്ങ് പരിപാടികളാകുമോ എന്ന് കാത്തിരുന്ന് കാണാം.

മരിച്ച രാജനെതിരേ കോടതി ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയതിനും ആത്മഹത്യക്കും നെയ്യാറ്റിൻകര പോലീസ് കേസെടുത്തു.