തിരുവനന്തപുരം: നെയ്യാറ്റിന്‍കര പോങ്ങില്‍ കോളനിയില്‍ പൊലീസിന്റെ കുടിയൊഴിപ്പിക്കലിന് കാരണമായ പരാതിക്കാരി വസന്തയെക്കുറിച്ച് പരക്കെ ആക്ഷേപം. പണത്തിന്റെയും അധികാരത്തിന്റെയും സ്വാധീനത്താൽ നെട്ടത്തോട്ടം ലക്ഷംവീട് കോളനിയില്‍ ആഡംബര വീട് പണിത് വിലസുകയാണെന്ന് നാട്ടുകാര്‍.
പൊലീസ് സ്റ്റേഷനിലെത്തിയാല്‍ കസേരയിട്ട് സ്വീകരിക്കും. പ്രദേശത്ത് പട്രോളിംഗിനെത്തുന്ന പൊലീസ് ഇവരുടെ വീട്ടില്‍ കയറിയിട്ടാണ് പോകാറുള്ളത്. കോളനിയില്‍ പൊലീസ് എത്തണമെങ്കില്‍ വസന്ത വിളിക്കണമെന്ന്, കുടിയൊഴിപ്പിക്കലിനിടെ പൊള്ളലേറ്റ് മരിച്ച രാജന്റെയും അമ്പിളിയുടെ യും മക്കള്‍ പറയുന്നു.
ലക്ഷം വീട് കോളനിയിലെത്തുന്നവര്‍ വസന്തയുടെ വീട് കണ്ടാല്‍ നഗരത്തിലെ ഉന്നതന്റെ വീടാണോയെന്ന് സംശയിക്കും. വീട്ടില്‍ ഒറ്റയ്ക്കാണ് താമസം. മക്കള്‍ വിദേശത്താണെന്നാണ് നാട്ടുകാരുടെ അറിവ്. കോളനിയില്‍ വീടും സ്ഥലവുമില്ലാത്തവര്‍ക്ക് നാല് സെന്റ് വീതമാണ് നല്‍കുന്നത്.
വസന്ത വര്‍ഷങ്ങള്‍ക്ക് മുൻപ് നാല് സെന്റില്‍ താമസമാക്കി. അയല്‍വാസിക്കെതിരെ നിരന്തരം പരാതി നല്‍കുന്നതും വിരട്ടുന്നതും പതിവായിരുന്നു. ഒടുവില്‍, അയല്‍ക്കാരന്‍ അയാളുടെ നാല് സെന്റ് വസന്തക്കു വിറ്റു. ഇതോടെ എട്ട് സെന്റ് ഒറ്റ കോമ്പൗണ്ടാക്കി.
ആഡംബര വീടും ചുറ്റുമതിലും ഉള്‍പ്പെടെ പണിതു. തുടര്‍ന്ന് അതിനടുത്ത വീട്ടുകാരനു നേരേ തിരിഞ്ഞു. നിരന്തരം പരാതി നല്‍കിയതോടെ അയാളും സ്ഥലം ഉപേക്ഷിച്ച് മടങ്ങി. ഈ സ്ഥലം വസന്തയ്ക്ക് വിറ്റോയെന്ന കാര്യത്തില്‍ നാട്ടുകാര്‍ക്ക് വ്യക്തയില്ല.
കോളനിയില്‍ അമ്മയ്ക്കൊപ്പം താമസിച്ചിരുന്ന രാജനും കുടുംബവും ഈ സ്ഥലത്താണ് ഒന്നര വര്‍ഷം മുമ്പ് ഷെഡ് കെട്ടി താമസം തുടങ്ങിയത്. ആറുമാസം കഴിഞ്ഞതും രാജനെതിരെയും വസന്ത പരാതിയുമായി രംഗത്തിറങ്ങി. പൊലീസില്‍ പരാതി നല്‍കി രാജനെ ഒഴിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നടപ്പായില്ല.
ഇതോടെയാണ് കോടതിയില്‍ പോയത്.വസന്ത കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകയാണെന്ന് ഒരുവിഭാഗം പറയുന്നു. ഇവര്‍ക്കെതിരെ ആരു പരാതി നല്‍കിയാലും പൊലീസ് കേസെടുക്കാനോ അന്വേഷിക്കാനോ തയ്യാറാകില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.