കേന്ദ്രം അയഞ്ഞില്ല; സർക്കാരും കർഷക സംഘടനകളും നടത്തിയ ആറാംവട്ട ചർച്ചയും പരാജയം

ന്യൂഡെൽഹി: കർഷക നിയമവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരും കർഷക സംഘടനകളും നടത്തിയ ആറാം വട്ട ചർച്ചയും പരാജയം. തിങ്കളാഴ്ച രണ്ടിന് വീണ്ടും ചർച്ച നടത്തും. നിയമങ്ങൾ പിൻവലിക്കില്ലെന്ന് കേന്ദ്ര സർക്കാർ നിലപാട് ആവർത്തിച്ചതോടെയാണ് ചർച്ച പരാജയമായത്.നല്ല പരിതസ്ഥിതിയിൽ നടന്ന ചർച്ച ശുഭകരമായ നിലയിലാണ് അവസാനിച്ചതെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ്തോമർ വ്യക്തമാക്കി.

സർക്കാർ മുന്നോട്ട് വെച്ച വാഗ്ദാനങ്ങൾ പഠിച്ച ശേഷം ജനുവരി നാലിന് വീണ്ടും ചർച്ചക്കെത്താം എന്നാണ് കർഷക സംഘടനകളുടെ നിലപാട്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്‍, റെയില്‍ മന്ത്രി പീയുഷ് ഗോയല്‍, സഹമന്ത്രിമാരായ കൈലാഷ് ചൗധരി, സോം പ്രകാശ് എന്നിവരാണു കേന്ദ്രത്തെ പ്രതിനിധീകരിച്ച് ചർച്ചയിൽ പങ്കെടുത്തത്.

ഇത് ആറാം തവണയാണ് കേന്ദ്രവും കർഷക സംഘടനകളും ചർച്ച നടത്തുന്നത്. വൈദ്യുതി നിയന്ത്രണ ബിൽ പിൻവലിക്കും, വൈക്കോൽ കത്തിക്കുന്ന കർഷകർക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിൽ ഇളവ് നൽകാമെന്നനടക്കമുള്ള നിർദ്ദേശങ്ങൾ കേന്ദ്രം മുന്നോട്ട് വെച്ചു. നിയമങ്ങൾ പിൻവലിക്കുന്ന കാര്യത്തിലും താങ്ങുവിലക്ക് നിയമരൂപീകരണ ആവശ്യത്തിലും തീരുമാനം ആയില്ല.

നിയമം പിന്‍വലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് കര്‍ഷക സംഘടനകള്‍. സര്‍ക്കാര്‍ കടുംപിടുത്തം തുടര്‍ന്നാല്‍ റിപ്പബ്‌ളിക് ദിനാഘോഷ ചടങ്ങുകള്‍ തടസപ്പെടുത്തുന്ന സമരത്തിലേക്ക് വരെ നീങ്ങുമെന്ന മുന്നറിയിപ്പാണ് കര്‍ഷക സംഘടനകള്‍ നല്‍കുന്നത്.

41 കര്‍ഷക സംഘടനകളുടെ പ്രതിനിധികളാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. ഡിസംബര്‍ 8 ന് ശേഷം മുടങ്ങിയ ചര്‍ച്ച 22 ദിവസത്തിന് ശേഷമാണ് ഇന്ന് വീണ്ടും നടന്നത്. ചർച്ചയ്ക്ക് മുന്നോടിയായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുമായി മന്ത്രിമാരായ നരേന്ദ്ര സിംഗ് തോമറും പിയൂഷ് ഗോയലും കൂടിക്കാഴ്ച നടത്തിയിരുന്നു.