ലണ്ടൻ: ഓക്സ്ഫഡ് സർവകലാശാലയും ആസ്ട്രസെനക്കയും സംയുക്തമായി വികസിപ്പിച്ച കൊറോണ വാക്സിന് യുകെ അംഗീകാരം നൽകി. വിതരണം ഉടൻ തുടങ്ങുമെന്നാണ് സൂചന. മെഡിസിൻസ് ആൻഡ് ഹെൽത്ത് കെയർ പ്രൊഡക്ട്സ് റെഗുലേറ്ററി ഏജൻസിയുടെ ശുപാർശ സർക്കാർ അംഗീകരിക്കുകയായിരുന്നു.
ഓക്സ്ഫഡ് വാക്സിന് അനുമതി നൽകുന്ന ആദ്യ രാജ്യമാണ് ബ്രിട്ടൺ. ഫൈസർ വാക്സിന് യുകെ നേരത്തെ തന്നെ അനുമതി നൽകിയിരുന്നു. ബ്രിട്ടനിൽ വ്യാപിക്കുന്ന പുതിയ വകഭേദത്തിനെതിരേയും ഓക്സ്ഫഡ് വാക്സിൻ ഫലപ്രദമാണെന്നാണ് റിപ്പോർട്ട്.
ഓക്സ്ഫഡ് സർവകലാശാലയും ആസ്ട്രസെനക്കയും ചേർന്ന് വികസിപ്പിച്ച കൊറോണ പ്രതിരോധവാക്സിൻ കൊവിഷീൽഡ് സിറം ഇൻസ്റ്റിറ്റ്യൂട്ടാണ് ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്നത്. ബ്രിട്ടനിലും ബ്രസീലിലും ഇന്ത്യയിലും നടത്തിയ ക്ലിനിക്കൽ പഠന റിപ്പോർട്ടുകളനുസരിച്ച് ഏറെ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
യുകെ അനുമതി നൽകിയതോടെ ഇന്ത്യയും വാക്സിന് ഉടൻ അനുമതി നൽകുമെന്നാണ് കരുതുന്നത്. വാക്സിൻ വിതരണത്തിനുള്ള എല്ലാ നടപടിക്രമങ്ങളും സർക്കാർ പൂർത്തീകരിച്ചിട്ടുണ്ട്.
ആദ്യ പരീക്ഷണങ്ങളിൽ 70 ശതമാനം ഫലപ്രാപ്തിയാണ് ആസ്ട്രസെനക വാക്സിൻ പ്രകടിപ്പിച്ചിരുന്നതെങ്കിൽ ഡോസേജിന്റെ അടിസ്ഥാനത്തിൽ ഇത് പിന്നീട് 90 ശതമാനമായി ഉയർന്നിരുന്നു. ഫൈസർ- ബയോൺടെക്കിന്റെ കൊറോണ വാക്സിന് ബ്രിട്ടൺ നേരത്തേ അനുമതി നൽകിയിരുന്നു.
പൊതുജനങ്ങൾക്ക് ഇത് മുൻഗണനാ അടിസ്ഥാനത്തിൽ ലഭ്യമാക്കി തുടങ്ങിയിട്ടുമുണ്ട്. ട്രയലുകളിൽ ഫൈസർ വാക്സിൻ 95 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തിയിരുന്നു. മറ്റൊരു കൊറോണ പ്രതിരോധ വാക്സിനായ മൊഡേണ 94.5 ശതമാനം ഫലപ്രദമാണെന്നും കണ്ടെത്തിയിരുന്നു. ഈ രണ്ടുവാക്സിനുകൾക്ക് സമാനമായ ഫലപ്രാപ്തി ആസ്ട്രസെനക-ഓക്സഫഡ് വാക്സിനും പ്രകടിപ്പിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം.