ന്യൂഡെൽഹി: കാറിന്‍റെ മുന്‍സീറ്റ് യാത്രക്കാര്‍ക്ക് എയര്‍ബാഗ് നിര്‍ബന്ധമാക്കാന്‍ കേന്ദ്രഗതാഗത മന്ത്രാലയം തീരുമാനിച്ചു. ഡ്രൈവര്‍ ഉള്‍പ്പടെയുള്ള മുന്‍സീറ്റ് യാത്രക്കാര്‍ക്കായിരിക്കും ഇത് ബാധകം.
പുതിയ മോഡല്‍ കാറുകളില്‍ 2021 ഏപ്രില്‍ മുതലാണ് എയര്‍ബാഗ് നിര്‍ബന്ധമാക്കുക. നിലവിലുള്ള മോഡലുകള്‍ ജൂണ്‍ ഒന്നുമുതല്‍ എയര്‍ബാഗോടുകൂടിയാണ് നിര്‍മ്മിക്കേണ്ടത്. ബിഐഎസ് നിലവാരമുള്ളതായിരിക്കണം എയര്‍ബാഗെന്നും ഇത് സംബന്ധിച്ച കരട് നിര്‍ദേശത്തില്‍ പറയുന്നുണ്ട്.
ബന്ധപ്പെട്ടവര്‍ക്ക് ഒരു മാസത്തിനുള്ളില്‍ ഇത് സംബന്ധിച്ച പ്രതികരണം അറിയിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. പുതിയ തീരുമാനത്തില്‍ വാഹനത്തിന്റെ വിലയും നിര്‍മാണച്ചെലവും കുറയ്ക്കുന്നതിനായി സുരക്ഷാ സംവിധാനങ്ങളില്‍ വിട്ടുവീഴ്ച വരുത്തുന്നതെന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്.
കരട് വിജ്ഞാപനം അനുസരിച്ച് അപകടമുണ്ടായാൽ യാത്രികരെ സുരക്ഷിതരാക്കുന്നതിന് വാഹന നിർമ്മാതാക്കൾ ആവശ്യമായ സംവിധാനങ്ങൾ ഏർപ്പെടുത്തണം. ഇതിന് അനിവാര്യമായ സംവിധാനമായാണ് എയർ ബാഗുകൾ.
നിര്‍മ്മാണച്ചെലവ് കണക്കിലെടുത്ത് സുരക്ഷാ മാനദണ്ഡങ്ങളിൽ ഏറ്റക്കുറച്ചിലുകൾ വരുത്താൻ ഇനിമുതൽ നിർമ്മാതാക്കൾക്ക് സാധിക്കില്ലെന്നും കരട് വിജ്ഞാപനം വ്യക്തമാക്കുന്നു.