നഗരമധ്യത്തിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോയിൽ അഭ്യാസപ്രകടനവും ആക്ഷേപവും; 16കാരൻ അറസ്റ്റിൽ

മുംബൈ: തിരക്കേറിയ നഗരമധ്യത്തിൽ ഓടിക്കൊണ്ടിരുന്ന ഓ​ട്ടോറിക്ഷയിൽ അഭ്യാസപ്രകടനം നടത്തിയ 16കാരനെ കാണ്ഡീവ്​ലി പൊലീസ്​ അറസ്റ്റ്​ ചെയ്​തു. പ്രായപൂർത്തിയാകാത്ത ഈ ആൺകുട്ടിക്കൊപ്പം ഓ​ട്ടോ ഓടിച്ചയാളും അറസ്റ്റിലായി. ഇയാൾ​ ലൈസൻസ്​ ഇല്ലാതെയാണ്​ വണ്ടി ഓടിച്ചിരുന്നത്​.

സഞ്ചരിക്കുന്ന ഓ​ട്ടോയിൽ കൗമാരക്കാരന്‍റെ അഭ്യാസപ്രകടനങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുകയായിരുന്നു. ഈ ദൃശ്യങ്ങളിൽ വാഹനത്തിന്‍റെ നമ്പർ വ്യക്​തമായിരുന്നു. ഇത്​ പിന്തുടർന്നാണ്​ പൊലീസ്​ ഇരുവരെയും പിടികൂടിയത്​. കാണ്ഡീവ്​ലി വെസ്റ്റ്​ സ്വദേശിയായ ജാസിം ഹവാൽദറാണ്​ വാഹനം ഓടിച്ചിരുന്നത്​. അന്വേഷണത്തിനിടയിൽ,​​ ഇയാൾക്ക്​ ലൈസൻസ്​ ഇല്ലെന്നത്​ പൊലീസി​ൻ്റെ ശ്രദ്ധയിൽപെടുകയായിരുന്നു.

പാർക്​ ചെയ്​ത ഒരു ഓ​ട്ടോറിക്ഷ എടുത്താണ്​​ ഹവാൽദർ കൗമാരക്കാരനുമായി യാത്ര നടത്തിയത്​. പതിനാറുകാരനാവ​ട്ടെ, അഭ്യാസപ്രകടനങ്ങൾ നടത്തിയതിനൊപ്പം വഴിയേ പോകുന്നവരെ അധിക്ഷേപിക്കുകയും ചെയ്​തു. അപകടകരമായ രീതിയിൽ വാഹനമോടിച്ചതിന്​ ഉൾപെടെ വിവിധ ഐപിസി വകുപ്പുകൾ പ്രകാരമാണ്​ ഇരുവർക്കുമെതിരെ കേസെടുത്തിട്ടുള്ളത്​.