ന്യൂഡെൽഹി: മുൻ കേന്ദ്ര മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പ്രദീപ് ജയിൻ ആദിത്യയെ ഉത്തർപ്രദേശ് പോലീസ് അനധികൃതമായി തടങ്കലിൽ പാർപ്പിച്ചിരിക്കുന്നു എന്നാരോപിച്ച് മകൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെയ്ക്ക് കത്ത് നൽകി. കാരണങ്ങൾ വ്യക്തമാക്കാതെയാണ് തന്റെ പിതാവിനെ ഝാൻസിയിലെ വസതിയിൽ തടങ്കലിൽ പാർപ്പിച്ചിരിക്കുന്നതെന്ന് ആദിത്യയുടെ പുത്രൻ ഗൗരവ് ജയിൻ ചീഫ് ജസ്റ്റിസിന് അയച്ച കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
പിതാവിന്റെ രാഷ്ട്രീയ പശ്ചാത്തലം കാരണമാണ് ജില്ല ഭരണകൂടം തടങ്കലിൽ പാർപ്പിച്ചിരിക്കുന്നതെന്ന് കത്തിൽ ആരോപിച്ചിട്ടുണ്ട്. അടിയന്തരമായി പിതാവിനെ മോചിപ്പിക്കാൻ ഇടപെടണമെന്നും കത്തിൽ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെയോട് ഗൗരവ് ജയിൻ അഭ്യർത്ഥിച്ചിട്ടുണ്ട്.
പശുവിനെ സംരക്ഷിക്കൂ, കർഷകനെ രക്ഷിക്കൂ എന്ന മുദ്ര്യവാക്യം ഉയർത്തി മാർച്ച് നടത്താൻ തീരുമാനിച്ച പ്രദീപ് ജയിൻ ആദിത്യ ഉൾപ്പടെയുള്ള കോൺഗ്രസ് നേതാക്കളെയാണ് പോലീസ് വീട്ടുതടങ്കലിൽ ആക്കിയത്. ലളിത്പൂരിൽ നിന്ന് ചിത്രകൂട് വരെ ഡിസംബർ 26 മുതൽ 31 വരെ ആണ് മാർച്ച് നിശ്ചയിച്ചത്. ബുന്ദേൽഖണ്ഡ് മേഖലയിലെ ഗോശാലകളുടെ മോശം അവസ്ഥക്ക് എതിരെയും കോൺഗ്രസ് പ്രതിഷേധ സമരം നടത്തി വരികയാണ്.