ഫ്‌ളാറ്റിൽ ആക്രമിക്കപ്പെട്ടുവെന്ന് ആരോപിച്ച് നടി മീനു മുനീർ രംഗത്തെത്തിയ സംഭവത്തിൽ ട്വിസ്റ്റ്

കൊച്ചി: ആലുവയിലെ ഫ്‌ളാറ്റിൽ വച്ച് താൻ ആക്രമിക്കപ്പെട്ടുവെന്ന് ആരോപിച്ചുകൊണ്ട് നടി മീനു മുനീർ രംഗത്തെത്തിയ സംഭവത്തിൽ ട്വിസ്റ്റ്. നടി തന്നെയാണ് ആക്രമിച്ചതെന്നും തന്റെ മാതാപിക്കൾക്കുമേൽ ഉൾപ്പെടെ അവർ അസഭ്യവർഷം നടത്തിയെന്നും പറഞ്ഞുകൊണ്ട് ഫ്ളാറ്റിലെ അന്തേവാസിയായ വീട്ടമ്മയാണ് രംഗത്ത് വന്നിരിക്കുന്നത്.

ഇക്കഴിഞ്ഞ ഇരുപത്തിരണ്ടാം തീയതി മീനു തന്നെ തടയുകയും അസഭ്യം പറയുകയും മർദ്ദിക്കുകയും ചെയ്തുവെന്ന് സുമിത മാത്യു എന്ന വീട്ടമ്മ തന്റെ ഫേസ്ബുക്ക് പോസ്റ്റ് വഴി പറയുന്നു. സംഭവത്തിന്റെ ഒരു വീഡിയോയും ഇവർ പങ്കുവച്ചിട്ടുണ്ട്.

നടി തന്നെ ഭിത്തിയിൽ ചേർത്തുനിർത്തി മർദ്ദിക്കുകയും തല ഭിത്തിയിൽ ഇടിക്കുകയും ചെയ്തുവെന്നും ഇവർ പറയുന്നു. തന്നെ നിലത്തേക്ക് തള്ളിയിടുന്നത് കണ്ടപ്പോഴാണ് തന്റെ മകൻ സംഭവത്തിൽ ഇടപെട്ടതെന്നു സുമിത പറയുന്നു.

തന്റെ അമ്മയെ ഉപദ്രവിച്ചതിനു പകരമായി മകൻ നടിയെ പിടിച്ചുതള്ളിയെന്നും, എന്നാൽ മകൻ പ്രതികരിച്ചപ്പോഴുള്ള വീഡിയോ മാത്രം തന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തുകൊണ്ട് മീനു തെറ്റിദ്ധാരണ ജനിപ്പിക്കുന്ന തരത്തിൽ പ്രചാരണം നടത്തുകയാണെന്നും സുമിത പറയുന്നു.വിഷയത്തിൽ അധികാരികൾ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നുണ്ട്.

തന്നെ തന്റെ ഫ്‌ളാറ്റിൽ വച്ച് ഗുണ്ടകൾ ആക്രമിച്ചുവെന്നും സംഭവം പൊലീസ് കണ്ടുനിൽക്കുക മാത്രമാണ് ചെയ്തതെന്നും ആരോപിച്ചുകൊണ്ട് നടി മീനു മുനീർ രംഗത്തുവന്നിരുന്നു.സംഭവവുമായി ബന്ധപ്പെട്ട നിരവധി മാദ്ധ്യമവാർത്തകളും ഏതാനും വീഡിയോകളും ഇവർ തന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നാണ് പൊലീസ് അറിയിച്ചത്.