തിരുവനന്തപുരം: സാമുദായികമായി ഭിന്നിപ്പുണ്ടാക്കുന്ന ബിജെപി വഴിയിലാണ് എൽഡിഎഫ് നീങ്ങുന്നതെന്ന് മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. യുഡിഎഫിനെ തളർത്തി ബിജെപിയെ വളർത്താനാണ് എൽഡിഎഫിന്റെ ശ്രമം. സാമുദായികമായി ഭിന്നിപ്പുണ്ടാക്കുകയാണ് ബിജെപി ചെയ്യുന്നത്. അത് എൽഡിഎഫിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് ഞങ്ങൾ കരുതിയിരുന്നില്ല, ഇപ്പോൾ അവരും ഈ വഴിയിലേക്കാണ് നീങ്ങുന്നതെന്നും കുഞ്ഞാലിക്കുട്ടി വിമർശിച്ചു.
യുഡിഎഫിന്റെ വോട്ട് ബിജെപിക്ക് പോയാൽ ഭരണത്തുടർച്ച ഉണ്ടാകുമെന്നാണ് അവർ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ ഭരണ തിരഞ്ഞെടുപ്പു പോലെയാകില്ല നിയമസഭാ തിരഞ്ഞെടുപ്പിൽ ജനം വോട്ട് ചെയ്യുകയെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. സംസ്ഥാനത്ത് എൽഡിഎഫും യുഡിഎഫും തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടലാകും ഉണ്ടാവുകയെന്നും ബിജെപിക്ക് അതിൽ നേട്ടമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫിന്റെ വോട്ടുചോർത്താനുള്ള ശ്രമം ശബരിമല സമരം നടന്നിരുന്ന സമയത്തും എൽഡിഎഫ് നടത്തിയിരുന്നതായും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു. എന്നാൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ അത് ഫലം ചെയ്തില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിൽ ബിജെപി വളരുന്ന പാർട്ടിയല്ല മറിച്ച് തളരുന്ന പാർട്ടിയാണെന്നും അദ്ദേഹം പരിഹസിച്ചു.