ന്യൂഡെൽഹി: ഓക്സ്ഫഡ് സർവകലാശാലയും ആസ്ട്രസെനേക്കയും സംയുക്തമായി വികസിപ്പിച്ച കോവിഷീൽഡ് വാക്സിന്റെ അഞ്ചുകോടിയോളം ഡോസ് നിർമിച്ചുകഴിഞ്ഞതായി സെറം ഇൻസ്റ്റിറ്റ്യൂട്ട്.
വാക്സിന്റെ അടിയന്തര ഉപയോഗത്തിനായി ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ അനുമതിക്കായി ഉള്ള പ്രതീക്ഷയിലാണ്.
പ്രാരംഭഘട്ടത്തിൽ വെല്ലുവിളികൾ നേരിട്ടിരുന്നുവെങ്കിലും നിർമാണം ദ്രുതഗതിയിൽ നടക്കുന്നതായി സെറം ഇൻസ്റ്റിറ്റ്യൂട്ട് സി ഇ ഒ. അഡാർ പുനാവാലാ വ്യക്തമാക്കി. മാർച്ച് മാസത്തോടെ 10 കോടി ഡോസ് ഉത്പാദിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും സർക്കാർ ആവശ്യപ്പെടുന്നതിനനുസരിച്ചായിരിക്കും വാക്സിൻ നിർമാണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അടുത്ത ദിവസങ്ങളിൽ വാക്സിന് അനുമതി ലഭിക്കുമെന്നാണ് രാജ്യം പ്രതീക്ഷിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധനും നേരത്തെ വ്യക്തമാക്കിയിരുന്നു.