തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ജപ്തി നടപടിക്കിടയിൽ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച ഭർത്താവിന് പിന്നാലെ ഭാര്യയും മരിച്ചു. നെല്ലിമൂട് പോങ്ങിൽ സ്വദേശി രാജന്റെ ഭാര്യ അമ്പിളിയാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന അമ്പിളി ഇന്ന് വൈകുന്നേരമാണ് മരിച്ചത്.
രാജൻ ഇന്ന് പുലർച്ചെയാണ് മരണമടഞ്ഞത്. 75 ശതമാനം പൊള്ളലേറ്റ രാജന്റെ ഇരു വൃക്കകളും തകരാറിലായതായിരുന്നു മരണകാരണം. ഇതിന് പിന്നാലെ വൈകുന്നേരമാണ് അമ്പിളിയും മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് നെല്ലിമൂട് വേട്ടത്തോട്ടം സ്വദേശി രാജനും, ഭാര്യ അമ്പിളിയും ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
ഇരുവരും ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കുടിയൊഴിപ്പിക്കാൻ പൊലീസ് എത്തിയപ്പോഴാണ് ഭാര്യയെ കെട്ടിപിടിച്ച് കുപ്പിയിൽ സൂക്ഷിച്ചിരുന്ന പെട്രോൾ രാജൻ ശരീരത്തിൽ ഒഴിക്കുന്നത്. എന്നാൽ പൊലീസുകാരെ പിന്തിരിപ്പിക്കുക മാത്രമായിരുന്നു ലക്ഷ്യമെന്നും, എസ്‌ഐ ലൈറ്റർ തട്ടിയതാണ് അപകടത്തിന് ഇടയാക്കിയതെന്നും രാജൻ പറഞ്ഞിരുന്നു.
ഭക്ഷണം കഴിക്കാൻ പോലും അനുവദിക്കാതെയാണ് പൊലീസ് തങ്ങളെ പുറത്താക്കാൻ ശ്രമിച്ചതെന്ന് രാജന്റെ മകൻ പറഞ്ഞു.ഒന്നര വർഷമായി രാജനും ഭാര്യയും രണ്ട് ആണ് മക്കളുമടങ്ങുന്ന കുടുംബം ഇവിടെയാണ് താമസിച്ചിരുന്നത്. രാജന്റെ മൃതദേഹം ഇന്ന് വൈകുന്നേരം തർക്ക ഭൂമിയിൽ തന്നെ സംസ്‌കരിച്ചു.
അമ്പിളിയുടെ ഇക്വസ്റ്റും, പോസ്റ്റുമോർട്ടവും നാളെ നടക്കും.നെയ്യാറ്റിൻകര മുൻസിഫ് കോടതിയിൽ അയൽവാസിയുമായി രാജന് ഭൂമിസംബന്ധമായ തർക്കം നിലനിന്നിരുന്നു. ഈ ഭൂമിയിൽ നിന്ന് രാജനെ ഒഴിപ്പിക്കാൻ കോടതി വിധിയുണ്ടായി. ഉത്തരവ് പ്രകാരം ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കാൻ എത്തിയപ്പോൾ ആയിരുന്നു രാജൻ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.