ന്യൂഡെൽഹി: ഡെൽഹി അതിർത്തിയിൽ ഒരു മാസത്തോളമായി സമരം തുടരുന്ന കർഷകർക്കായി കേരളം കൈമാറിയ പൈനാപ്പിൾ മധുരത്തിന് അനുമോദനവും ഒപ്പം നന്ദിയും. സമരപ്പന്തലിൽ വിതരണം ചെയ്യാൻ പതിനാറ് ടണ്ണോളം കൈതച്ചക്കയാണ് വ്യാഴാഴ്ച കേരളത്തിൽനിന്ന് കയറ്റിയയച്ചത്.
ഡോ. അമർബിർ സിങ് ട്വിറ്ററിൽ ഷെയർ ചെയ്ത പൈനാപ്പിളുമായെത്തുന്ന ട്രക്കിന്റെ ഫോട്ടോയ്ക്ക് കീഴെ കേരളത്തിന്റെ സന്മസിനെ അനുമോദിച്ചും നന്ദിയറിയിച്ചും നിരവധി പേരാണ് കമന്റ് ചെയ്തത്. ദുരിതകാലങ്ങളിൽ കേരളത്തോടൊപ്പം പഞ്ചാബ് എപ്പോഴുമുണ്ടായിരുന്നതായും സ്നേഹം സ്നേഹത്തെ ക്ഷണിച്ചു വരുത്തുമെന്നും ട്രക്കിന്റെ ഫോട്ടോ ട്വിറ്ററിൽ ഷെയർ ചെയ്ത് അമർബിർ സിങ് കുറിച്ചു.
ലോക്ഡൗൺ കാലത്ത് പൈനാപ്പിൾ കർഷകർക്കുണ്ടായ നഷ്ടം വകവെക്കാതെ അവർ നൽകിയ സ്നേഹത്തെ നിരവധി പേർ അഭിനന്ദിച്ചു. വിതരണത്തിനുള്ള കൈതച്ചക്കയുടെ വിലയും ഡൽഹിയിലെത്തിക്കുന്നതിന്റെ ചെലവും സംസ്ഥാനത്തെ പൈനാപ്പിൾ ഫാമേഴ്സ് അസ്സോസിയേഷനാണ് വഹിക്കുന്നത്.
പൈനാപ്പിൾ പട്ടണമെന്നറിയപ്പെടുന്ന വാഴക്കുളത്ത് നിന്ന് സംസ്ഥാന കൃഷിമന്ത്രി വിഎസ് സുനിൽ കുമാർ ഫ്ളാഗ് ഓഫ് ചെയ്ത വാഹനം തിങ്കളാഴ്ച വൈകുന്നേരത്തോടെ ഡെൽഹിയിലെത്തിച്ചേരും.
കേരളത്തിൽനിന്നുള്ള എംപിമാരായ ഡീൻ കുര്യാക്കോസ്, കെ.കെ. രാഗേഷ് എന്നിവർ ഡെൽഹി ഗുരുദ്വാരയിലെ ഹർഭജൻ സിങ്ങുമായി ചേർന്നാണ് പൈനാപ്പിൾ വിതരണം നടത്തുന്നത്.
രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കർഷക സമരമാണിത്. എല്ലാവരുടേയും നന്മയ്ക്കായി കർഷകർ ഡൽഹിയിൽ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്നും പെനാപ്പിൾ ഫാമേഴ്സ് അസ്സോസിയേഷൻ നേതാവ് ജെയിംസ് തോട്ടുമുറിയിൽ അറിയിച്ചു.