തിരുവനന്തപുരം: കോൺഗ്രസിലെ ഗ്രൂപ്പ് രാഷ്ട്രീയം കേരളത്തിൽ അതിരുവിടുകയാണെന്നും പാർട്ടിയെ തകർക്കുന്ന അവസ്ഥയിലേക്ക് അത് മാറുന്നുവെന്നും എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. കോൺഗ്രസിനുള്ളിലുള്ള ഗ്രൂപ്പ് രാഷ്ട്രീയത്തിനെതിരെ വേണുഗോപാൽ ആഞ്ഞടിച്ചു. എല്ലാകാലത്തും കോൺഗ്രസിൽ ഗ്രൂപ്പ് ഉണ്ട്. ഇന്ന് അത് പാർടിയെ തന്നെ തകർക്കുന്ന അവസ്ഥയിലേക്ക് കേരളത്തിൽ മാറുന്നു.
പാർട്ടിയേക്കാൾ വലുത് ഗ്രൂപ്പാണെന്നത് മാറണം. തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനുണ്ടായ പരാജയം തെളിയിക്കുന്നത് അതാണെന്നും വേണുഗോപാൽ കൂട്ടിച്ചേർത്തു. ജനറൽ സെക്രട്ടറി താരിഖ് അൻവറിന്റെ റിപ്പോർട് ലഭിച്ച ശേഷം കേരളത്തിലെ കോൺഗ്രസിനുള്ളിലെ രാഷ്ട്രീയ പ്രശ്നങ്ങളിൽ ഹൈക്കമാന്റ് ഇടപെടുമെന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ കോൺഗ്രസിലുണ്ടായ പൊട്ടിത്തെറികൾക്ക് ശേഷം നേതൃമാറ്റമെന്ന ആവശ്യ മടക്കം ഉയർന്നു വന്ന സാഹചര്യത്തിലാണ് വേണുഗോപാലിന്റെ പ്രതികരണമെന്നത് ശ്രദ്ധേയമാണ്. സ്ഥാനാർത്ഥികളെ നോക്കാതെ ഗ്രൂപ്പ് അനുസരിച്ച് സീറ്റ് വിതരണം നടന്നതാണ് പരാജയത്തിന് കാരണമെന്ന് നേരത്തെയും പല മുതിർന്ന നേതാക്കളും വിമർശനമുന്നയിച്ചിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിന്റെ ട്രയലെന്ന് വിലയിരുത്തപ്പെട്ട തദ്ദേശെരഞ്ഞെടുപ്പിലേറ്റ പരാജയം ഹൈക്കമാന്റടക്കം പരിശോധിക്കുന്നുണ്ട്. ഹൈക്കമാൻഡ് നിർദ്ദേശാനുസരണം എത്തിയ കേരളത്തിന്റെ ചുമതലയുള്ള താരിഖ് അൻവർ ഇന്ന് യുഡിഎഫിലെ ഘടക ക്ഷികളെ കാണും.