കണ്ണൂരിൽ മുസ്ലിംലീഗിൽ രൂക്ഷമായ തർക്കം; പാർട്ടി സംസ്ഥാന ഉപാധ്യക്ഷന്റെ വാഹനം യൂത്ത് ലീഗ് പ്രവർത്തകർ തടഞ്ഞു

കണ്ണൂർ: ജില്ലയിലെ മുസ്ലിം ലീഗിൽ രൂക്ഷമായ തർക്കം. പാർട്ടി സംസ്ഥാന ഉപാധ്യക്ഷൻ വികെ. അബ്ദുൾ ഖാദർ മൗലവിയുടെ വാഹനം യൂത്ത് ലീഗ് പ്രവർത്തകർ തടഞ്ഞു. കണ്ണൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയറെ തിരഞ്ഞെടുത്തതിലെ തർക്കമാണ് കാരണം.

ഇന്നലെ രാത്രി വരെ നടന്ന ചർച്ചയെ തുടർന്ന് ഡെപ്യൂട്ടി മേയറായി കെ ഷബീനയെ തിരഞ്ഞെടുക്കുകയായിരുന്നു. പരിഗണനയിലുണ്ടായിരുന്ന മറ്റു രണ്ടുപേരെ തള്ളി കൊണ്ടാണ് ഷബീനയെ തിരഞ്ഞെടുക്കപ്പെട്ടത്.

ഇതിൽ പ്രതിഷേധിച്ച് ഒരു വിഭാഗം യൂത്ത് ലീഗ് പ്രവർത്തകർ യുഡിഎഫ് യോഗം കഴിഞ്ഞിറങ്ങിയ അബ്ദുൾ ഖാദർ മൗലവിയെ തടഞ്ഞുവെക്കുകയായിരുന്നു. 15 മിനുട്ടോളം പ്രവർത്തകർ പ്രതിഷേധിച്ചു. “ജനാധിപത്യം പാലിച്ചില്ല. കോൺഗ്രസിൽ നടന്നത് പോലെ ഒരു വോട്ടെടുപ്പിന് പോലും തയ്യാറായില്ല” എന്നും അവർ ആരോപിച്ചു. ലീഗിനെ നശിപ്പിക്കുകയാണ് അബ്ദുൾ ഖാദർ മൗലവിയെന്ന് അദ്ദേഹത്തെ തടഞ്ഞുവെച്ചുകൊണ്ട് പ്രവർത്തകർ ആരോപിച്ചു.

പ്രവർത്തകരെ പിന്നീട് അനുനയിപ്പിച്ചെങ്കിലും ചർച്ചകൾ നടക്കാതെ ഡെപ്യൂട്ടി മേയറെ തിരഞ്ഞെടുത്തത് പാർട്ടിക്കുളിൽ വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്.