ന്യൂഡെൽഹി: കോൺഗ്രസിൻ്റെ സ്ഥാപകദിനമായ ഇന്ന് പ്രവർത്തക സമിതി അംഗവും മുൻ പ്രതിരോധ മന്ത്രിയും മുൻ മുഖ്യമന്ത്രിയുമായ എകെ ആൻ്റണിക്ക് 80 വയസ്സ് പൂർത്തിയാവുന്നു. 81ാം ജന്മദിനത്തിലും പതിവുപോലെ ആഘോഷങ്ങളൊന്നുമില്ല. സാധാരണ ദിവസംതന്നെയായി ജന്മദിനവും കാണുന്നതാണ് ആൻ്റണിയുടെ രീതി.
കോൺഗ്രസിൻ്റെ സ്ഥാപകദിനവുംകൂടിയാണ് ഇന്ന്. 136ാം സ്ഥാപക ദിനത്തിൽ എഐസിസി ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിൽ അദ്ദേഹം പങ്കെടുക്കും. കൊറോണ ബാധിതനായി ഏതാനും ദിവസം ഡെൽഹി എയിംസിലായിരുന്നുവെങ്കിലും, പാർട്ടി ചടങ്ങിൽ പങ്കെടുക്കുന്നതിന് ഡോക്ടർമാർ അനുവദിച്ചിട്ടുണ്ട്.
കൊറോണ നെഗറ്റിവായി വിശ്രമിക്കുന്ന ആൻ്റണി കഴിഞ്ഞ ദിവസം സോണിയ ഗാന്ധി വിളിച്ച മുതിർന്ന നേതാക്കളുടെ യോഗത്തിലും പങ്കെടുത്തിരുന്നു. കോൺഗ്രസിൻ്റെ ജന്മദിനത്തിൽതന്നെ തൻ്റെ പിറന്നാൾ വരുന്നതിലുള്ള പ്രത്യേക സന്തോഷം ആൻ്റണി പ്രകടിപ്പിച്ചു.