ന്യൂഡെല്‍ഹി: കേന്ദ്രത്തിന്റെ പുത്തൻ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ സമരം കടുപ്പിച്ചതിന് പിന്നാലെ കടുത്ത പ്രതിരോധത്തിലായി റിലന്‍സ് ഗ്രൂപ്പ്. 1450 ടവറുകളാണ് കര്‍ഷകര്‍ കഴിഞ്ഞ ദിവസം തകര്‍ത്തത്. ഇതോടെ സംസ്ഥാനത്ത് ജിയോയുടെ പ്രവര്‍ത്തനം അവതാളത്തിലായിരിക്കുകയാണ്.
ജിയോ ടവറുകള്‍ പഞ്ചാബിലെ കര്‍ഷകര്‍ തകര്‍ത്തതോടെ പഞ്ചാബ് സര്‍ക്കാരുമായി കൂടിക്കാഴ്ച നടത്താനൊരുങ്ങുകയാണ് കമ്പനി. കോര്‍പറേറ്റുകള്‍ക്കെതിരായ നിലപാട് കടുപ്പിച്ചതിന് പിന്നാലെയാണ് കര്‍ഷകര്‍ ജിയോ ടവറുകള്‍ക്കെതിരെ ആക്രമണം രൂക്ഷമാക്കിയത്.
1300ല്‍ അധികം ടവറുകളിലേക്കുള്ള വൈദ്യുത ബന്ധം വിച്ഛേദിച്ചിട്ടുണ്ട്. ചില ടവറുകളിലെ ഫൈബറുകള്‍ മുറിച്ചുമാറ്റുകയും ചെയ്തു. 24 മണിക്കൂറിനിടെ 176 സിഗ്നല്‍ ട്രാന്‍സ്മിറ്റിങ് സൈറ്റുകള്‍ നശിപ്പിച്ചു. പഞ്ചാബില്‍ 9000 ഓളം ടവറുകളാണ് ജിയോയ്ക്കുള്ളത്.
ടവറുകളിലേക്കുള്ള വൈദ്യുത ബന്ധവും കര്‍ഷകര്‍ വിച്ഛേദിച്ചിരിക്കുയാണ്. ടവറുകള്‍ നശിപ്പിക്കപ്പെടുന്നത് ചൂണ്ടിക്കാട്ടി ജിയോ അധികൃതര്‍ ഡിജിപിക്ക് പരാതി നല്‍കിയിരുന്നെങ്കിലും കര്‍ഷകർ പിന്മാറാന്‍ കൂട്ടാക്കിയിട്ടില്ല. സംസ്ഥാനത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥരെക്കൂടി കാണാനാണ് ജിയോയുടെ തീരുമാനം.
ടെലികോം കമ്പനികള്‍ക്കെതിരെയുള്ള പ്രതിഷേധം അവസാനിപ്പിക്കണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് കര്‍ഷകരോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കര്‍ഷകര്‍ ഇക്കാര്യം പരിഗണിച്ചിട്ടില്ല. ടവറുകള്‍ നശിപ്പിക്കുന്നതിന് പിറമെ ജിയോ സിം കാര്‍ഡുകള്‍ ഉപേക്ഷിക്കാനും വന്‍തോതില്‍ പ്രചരണം നടത്തുന്നുണ്ട്.