സുൽത്താൻപൂർ: കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ അടുത്ത ആളുകൾ വനിതാ ഷൂട്ടറെ പറ്റിച്ച് ലക്ഷങ്ങൾ തട്ടിയതായി പരാതി. ഇതിനെതിരേ ഷൂട്ടർ വർതിക സിങ് കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരേ കോടതിയിൽ പരാതി നൽകി. കേന്ദ്ര വനിതാ കമ്മീഷൻ അംഗമായി നിയമിച്ചതായി തനിക്ക് വ്യാജ കത്ത് നൽകി 25 ലക്ഷം തട്ടിയതായാണ് വർതിക സിങ് ആരോപിക്കുന്നത്.
പരാതിയിൽ ജനുവരി രണ്ടിന് വാദം കേൾക്കാൻ കോടതി തീരുമാനിച്ചതായി വർതികയുടെ അഭിഭാഷകൻ പറഞ്ഞു.
കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ സഹായികളായ വിജയ് ഗുപ്തയും രജനിഷ് സിങും ആദ്യം തന്നിൽ നിന്ന് ഒരു കോടി രൂപ ആവശ്യപ്പെട്ടതായാണ് വർതിക പറയുന്നത്. പിന്നീടിത് 25 ലക്ഷമായി കുറയ്ക്കുകയായിരുന്നു. ഇതിലൊരാൾ തന്നോട് അശ്ലീലം കലർന്ന രീതിയിൽ സംസാരിച്ചുവെന്നും അവർ ആരോപിച്ചു.
അതേസമയം, നവംബർ 23ന് അമേത്തി ജില്ലയിലെ മുസഫിർഖാന പോലീസ് സ്റ്റേഷനിൽ വർതികക്കും മറ്റൊരാൾക്കുമെതിരെ വിജയ് ഗുപ്ത പരാതി നൽകിയിരുന്നു. തന്നെ അപമാനിക്കാൻ വർത്തിക ശ്രമിക്കുന്നെന്ന് പറഞ്ഞായിരുന്നു പരാതി നൽകിയത്. എന്നാൽ താൻ പണം തിരികെ ചോദിക്കുകയും പരാതി നൽകുമെന്ന് ഭീഷണിപ്പെടുത്തിയപ്പോഴുമാണ് വിജയ് ഗുപ്ത വ്യാജ പരാതി നൽകിയതെന്ന് വർതിക പറഞ്ഞു.