ബെംഗളൂരു: സി കെ നാണുവിനെതിരേ നടപടിയെടുക്കാതെയും വിമതരെ തളളിയും ജെഡിഎസ് ദേശീയ അധ്യക്ഷൻ എച്ച് ഡി ദേവഗൗഡ. ജില്ലാ ഘടകങ്ങളെല്ലാം ഔദ്യോഗിക വിഭാഗത്തിനോടൊപ്പമെന്നും വെറും നാല് പേർ മാത്രമാണ് വിമതരെന്നും ദേവഗൗഡ പറഞ്ഞു. അതേ സമയം സി കെ നാണുവിനെതിരെ നടപടിയുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഡിസംബർ 19ന് ജോർജ് തോമസിൻ്റെ നേതൃത്ത്വത്തിൽ തിരുവനന്തപുരത്തു ചേർന്ന യോഗത്തിലാണ് സികെ നാണു അധ്യക്ഷനായ സംസ്ഥാന കമ്മറ്റിയെ പിരിച്ചുവിട്ട തീരുമാനം അംഗീകരിക്കില്ലെന്നും, ദേവഗൗഡയെ ദേശീയ അധ്യക്ഷ സ്ഥാനത്തുനിന്നും നീക്കണമെന്നും വിമത വിഭാഗം ആവശ്യപ്പെട്ടത്.
എന്നാൽ ഈ യോഗത്തിൽ ആകെ നാല് പേർ മാത്രമാണ് വിമത വിഭാഗത്തോടൊപ്പം നിന്നതെന്നും, അവരെ സംസ്ഥാന അധ്യക്ഷൻ മാത്യു ടി തോമസ് പുറത്താക്കിയതാണെന്നും എച്ച് ഡി ദേവഗൗഡ പറഞ്ഞു. ഇപ്പോൾ പാർട്ടിയിൽ തർക്കങ്ങളൊന്നുമില്ല. വിമത നീക്കങ്ങൾക്ക് നേതൃത്വം നൽകിയ സി കെ നാണുവിനെതിരെ നടപടിയെടുക്കില്ലെന്നും, മുതിർന്ന നേതാവായ നാണു പക്വതയോടെ പെരുമാറുമെന്നാണ് പ്രതീക്ഷയെന്നും ദേവഗൗഡ പറഞ്ഞു.
അതേസമയം 92 അംഗ സംസ്ഥാന കൗൺസിൽ യോഗത്തിൽ 61 പേരും തങ്ങൾക്കാണ് പിന്തുണ നൽകിയതെന്നും, മാത്യു ടി തോമസിനെയും, മന്ത്രി കൃഷ്ണൻ കുട്ടിയെയും എൽഡിഎഫ് യോഗത്തിൽ പങ്കെടുപ്പിക്കരുതെന്നതടക്കം അന്ന് ഉന്നയിച്ച ആവശ്യങ്ങളിൽ ഉറച്ചു നിൽക്കുകയാണെന്നും ജോർജ് തോമസ് പറഞ്ഞു. വരുന്ന ബുധനാഴ്ച തിരുവനന്തപുരത്ത് വിമത വിഭാഗം വീണ്ടും യോഗം ചേരുന്നുണ്ട്. തുടർ നടപടികൾ അന്ന് പ്രഖ്യാപിക്കും.