ദേശീയപാതയിൽ മരുതുമൂട് ടെമ്പോട്രാവലർ മറിഞ്ഞ് പിഞ്ചുകുഞ്ഞടക്കം 21പേർക്ക് പരിക്ക്

മുണ്ടക്കയം: ദേശീയപാതയിൽ ടെംബോ ട്രാവലർ മറിഞ്ഞ് പിഞ്ചുകുഞ്ഞടക്കം 21പേർക്ക് പരിക്ക്. കൊട്ടാരക്കര-ദിണ്ഡുഗൽ ദേശീയപാതയിൽ മരുതുമൂട് പഴയ പൊലീസ് സ്​റ്റേഷന്​ സമീപം ശനിയാഴ്ച രാത്രി എ​ട്ടോടെയാണ് അപകടമുണ്ടായത്. കലൂർ അശോക റോഡിൽ താമസിക്കുന്ന ഷിബുവി​ൻെറ മകൾ ഏഴുമാസം പ്രായമുള്ള പെൺകുട്ടിക്ക് ഗുരുതരപരിക്കേറ്റിട്ടുണ്ട്.കുട്ടിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

വിനോദസഞ്ചാര കേന്ദ്രങ്ങളായ വാഗമൺ, പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവിടങ്ങൾ സന്ദർശിച്ച്​മടങ്ങുകയായിരുന്ന എറണാകുളം കലൂർ സ്വദേശികളായ ബന്ധുക്കളാണ്​ അപകടത്തിൽപെട്ടത്​. മുണ്ടക്കയം ഭാഗത്തേക്ക് ഇറക്കമിറങ്ങുന്നതിനിടെ നിയന്ത്രണംവിട്ട് റോഡരികിലെ ക്രാഷ് ബാരിക്കേഡ് തകർത്ത്​ സമീപത്തെ റബർ തോട്ടത്തിലേക്ക്​ മറിയുകയായിരുന്നു. രാവിലെയാണ് ഇവർ വാഗമണിലേക്ക് പോയത്.

കുട്ടികൾ അടക്കം 21പേർ വാഹനത്തിലുണ്ടായിരുന്നു. 20പേർക്ക്​ മുപ്പത്തിയഞ്ചാംമൈൽ മെഡിക്കൽ ട്രസ്​റ്റ്​ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി. ഇവരിൽ മൂന്നുപേരെ എറണാകുളത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പൊലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.