ദുബായ്: പുതുവത്സരാഘോഷങ്ങൾക്ക് കർശന നിയന്ത്രണങ്ങളുമായി ദുബായ്. കൊറോണ പശ്ചാത്തലത്തിൽ കുടുംബ ഒത്തുചേരലുകളിലും പൊതു ആഘോഷങ്ങളിലും 30 പേരിൽ കൂടുതൽ അനുവദനീയമല്ലെന്ന് സുപ്രീം കമ്മറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് അറിയിച്ചു.
നിയമം ലംഘിക്കുന്നവർക്ക് വൻതുക പിഴ ചുമത്തും. നിയന്ത്രണങ്ങൾ ലംഘിച്ച് ആഘോഷങ്ങൾ സംഘടിപ്പിക്കുന്നവർക്ക് 50,000 ദിർഹവും ഇത്തരം പരിപാടികളിൽ പങ്കെടുക്കുന്നവർക്ക് 15,000 ദിർഹവുമാണ് പിഴ.
സാമൂഹിക അകലം കൃത്യമായി പാലിച്ചുകൊണ്ട് വേണം പരിപാടികളിൽ പങ്കെടുക്കാൻ. പാർട്ടികളിൽ പങ്കെടുക്കുന്ന എല്ലാവരും കൃത്യമായി മാസ്ക് ധരിക്കണം. പ്രായമായവരും ഗുരുതര ആരോഗ്യ പ്രശ്നങ്ങളുള്ളവരും ഇത്തരം ആഘോഷങ്ങളിൽ പങ്കെടുക്കരുത്.
ചുമയോ പനിയോ മറ്റ് എന്തെങ്കിലും രോഗലക്ഷണങ്ങളോ ഉള്ളവർ പരിപാടികളിൽ നിന്ന് വിട്ടുനിൽക്കണമെന്നും അധികൃതർ അറിയിച്ചു.
സുരക്ഷാ മാർഗനിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാൻ അധികൃതർ പരിശോധനകൾ നടത്തും. നിയന്ത്രണങ്ങൾ ലംഘിച്ചാൽ പിഴയോടൊപ്പം നിയമനടപടികളും നേരിടേണ്ടി വരും.