തൃശൂരിൽ കോൺഗ്രസ് വിമതൻഎംകെ വര്‍ഗീസിനെ മേയറാക്കാൻ സിപിഎം ധാരണ; മൂന്ന് വര്‍ഷം സിപിഎമ്മും സിപിഐയും മേയര്‍ സ്ഥാനം പങ്കിടും

തൃശൂര്‍: തൃശൂര്‍ കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസ് വിമതനായി മത്സരിച്ച എംകെ വര്‍ഗീസ് മേയറാവും. ഇന്ന് ചേര്‍ന്ന സിപിഎം യോഗത്തിലാണ് ധാരണ. വര്‍ഗീസിന് ആദ്യത്തെ രണ്ടു വര്‍ഷം നല്‍കാനാണ് തീരുമാനം. മന്ത്രി എസി മൊയ്തീനടക്കമുള്ള സിപിഎം നേതാക്കള്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

അഞ്ചു വര്‍ഷം തന്നെ മേയറാക്കണമെന്നതായിരുന്നു വര്‍ഗീസിന്റെ നിലപാട്. ഇത് അംഗീകരിക്കാന്‍ സിപിഎം നേതാക്കള്‍ തയ്യാറായില്ല. പിന്നീട് മൂന്ന് വര്‍ഷമെന്ന് വര്‍ഗീസ് നിലപാടെടുത്തു. എന്നാല്‍ ഇതും തീരുമാനമായില്ല. ഒടുവില്‍ ശനിയാഴ്ച രാത്രി വൈകി നടന്ന ചര്‍ച്ചയിലാണ് ആദ്യ രണ്ടു വര്‍ഷം വര്‍ഗീസിനെ മേയറാക്കാമെന്ന തീരുമാനം അംഗീകരിച്ചത്. തുടര്‍ന്നുള്ള മൂന്ന് വര്‍ഷം സിപിഎമ്മും സിപിഐയും മേയര്‍ സ്ഥാനം പങ്കിടാനും തീരുമാനിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഇന്ന് വൈകീട്ടോടെയുണ്ടാകും.

ധാരണ സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം എൽഡിഎഫ് ജില്ലാ കമ്മിറ്റിക്ക് ശേഷമായിരിക്കും. വൈകിട്ട് ആറ് മണിക്ക് എൽഡിഎഫ് വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്.

വോട്ടെണ്ണലിന്റെ പിറ്റേ ദിവസം മുതൽ തുടങ്ങിയ അനിശ്ചിത്വത്തിനാണ് ഒടുവിൽ പരിഹാരമായിരിക്കുന്നത്. 55 അംഗങ്ങളുള്ള തൃശ്ശൂർ കോർപ്പറേഷനിൽ 54 ഇടത്താണ് വോട്ടെടുപ്പ് നടന്നത്. സ്വതന്ത്രരടക്കം 24 സീറ്റുകൾ ഇടതുമുന്നണിക്ക് ലഭിച്ചപ്പോൾ. യുഡിഎഫിന് കിട്ടിയത് 23 സീറ്റും. ബിജെപിക്കാണ് ആറ് സീറ്റ്. ഈ സാഹചര്യത്തിലാണ് വിമതനായി ജയിച്ച എം കെ വർഗീസിന്റെ പിന്തുണ നിർണ്ണായകമായി മാറിയത്.

തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ തന്നെ വർഗീസ് ഇടതിന് പിന്തുണ നൽകാൻ സന്നദ്ധത അറിയിച്ചിരുന്നെങ്കിലും മേയർ സ്ഥാനമടക്കമുള്ള ആവശ്യങ്ങളിൽ തീരുമാനം വൈകിയതാണ് അനിശ്ചിത്വത്തിലേക്ക് നയിച്ചത്.