കൊല്ലം: സുനാമി ദുരന്തത്തിൻ്റെ നടുക്കുന്ന ഓർമ്മകൾക്ക് ഇന്ന് ഇന്ന് 16 വയസ്. 2004 ഡിസംബര്‍ 26 നായിരുന്നു സുനാമി എത്തിയത്.
കേരളത്തില്‍ സുനാമി ഏറ്റവുമധികം ദുരിതം വിതച്ചത് കൊല്ലം അഴീക്കലിലാണ്. ഇപ്പോഴും ആ ദുരന്തത്തില്‍ നിന്നും അഴീക്കലുകാര്‍ പൂര്‍ണമായും കരകയറിയിട്ടില്ല. ക്രിസ്മസ് ആഘോഷങ്ങള്‍ കഴിഞ്ഞു ഉറങ്ങി എഴുന്നേറ്റ ആ പകലിലാണ് അഴീക്കലുകാര്‍ക്ക് സര്‍വം നഷ്ടമാകുന്നത്.
സുനാമിയെന്ന പേരിലെത്തിയ രാക്ഷസത്തിരമാല ഇവരില്‍ പലരുടെയും ഉറ്റവരെയും കൊണ്ടുപോയി. 143 ജീവിതങ്ങളാണ് അന്ന് ഒറ്റദിവസം കൊണ്ട് ഈ നാടിന് നഷ്ടമായത്. ആ ആഘാതത്തില്‍ നിന്നും അവര്‍ ഇനിയും മുക്തരായിട്ടില്ല.
ക്രിസ്മസ് പിറ്റേന്ന് എത്തിയ സുനാമി തിരമാലക്ക് പിന്നാലെ വര്‍ഷങ്ങളോളം അവര്‍ക്ക് ഒരു ആഘോഷവും ഉണ്ടായിട്ടില്ല. സുനാമിയില്‍ ഭാഗികമായി തകര്‍ന്ന അഴീക്കല്‍ പഴയപള്ളിയുടെ പുനര്‍നിര്‍മാണം ഇപ്പോള്‍ അതിവേഗം പുരോഗമിക്കുകയാണ്. അന്ന് തകര്‍ന്ന മനസുകള്‍ പുനര്‍നിര്‍മിക്കാന്‍ മാത്രം ഇതുവരെയും ആയിട്ടില്ല.