കൊച്ചി: നിർണായക നിമിഷത്തിൽ നവജാത ശിശുവിനും അമ്മയ്ക്കും രക്ഷകയായി മാറി നഴ്സുമാരുടെ സേവനത്തിന്റെ മഹനീയത ഒരിക്കൽ കൂടി ഉയർത്തി എറണാകുളം സ്വദേശിനി ജോയ്സി ജോബി. പ്രസവവേദന തുടങ്ങി യഥാസമയം പരിചരണം കിട്ടാതെ ബുദ്ധിമുട്ടിയ അങ്കമാലി ലക്ഷം വീട് കോളനിയിലെ കെ എസ് ചിത്രയ്ക്കാണ് (31) ജോയ്സി ജോബി രക്ഷകയായത്.
ആംബുലൻസിൽ കയറ്റാനാകാത്ത അവസ്ഥയിൽ അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിലെ ഹൃദയ പരിചരണ വിഭാഗം നഴ്സും ഒക്കൽ കൂടാലപ്പാട് ആൻറോപുരം മാണിക്കത്താൻ ജോബി സേവ്യറുടെ ഭാര്യയുമായ ജോയ്സി ജോബി യുവതിയുടെ സഹായത്തിന് ഓടിയെത്തുകയായിരുന്നു.കഴിഞ്ഞദിവസം പുലർച്ചെയാണ് ചിത്രയ്ക്ക് പ്രസവവേദന തുടങ്ങിയത്.
സർക്കാർ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് പ്രസവത്തിന് നൽകിയിരുന്ന ഡേറ്റ് ഡിസംബർ 25 ആയിരുന്നതിനാൽ പ്രസവവേദന തുടങ്ങിയിട്ടും കാര്യമാക്കിയില്ല. ഒടുവിൽ വേദന അധികരിച്ചപ്പോൾ ചിത്രയുടെ കരിച്ചിൽ കേട്ട് അയൽവാസികൾ ഓടിക്കൂടി. മുൻ വാർഡ് മെമ്പർ ജെസി സാജു ആംബുലൻസ് വിളിച്ചു.
ആംബുലൻസ് എത്തിയെങ്കിലും അതിൽ കയറ്റാൻ സാധിക്കാത്ത വിധം മോശം ആരോഗ്യസ്ഥിതിയിലായി ചിത്ര. ഈ അവസ്ഥയിൽ അയൽക്കാരിലൊരാൾ ജോയ്സിയെ വിളിച്ചുകൊണ്ടുവരികയായിരുന്നു.
ജോയ്സിയാണ് പ്രസവമെടുത്തതും കുഞ്ഞിനെ തുണിയിൽ പൊതിഞ്ഞു ബന്ധുക്കൾക്കു കൈമാറിയതും. പിന്നീട് അമ്മയെയും കുഞ്ഞിനെയും പെരുമ്പാവൂർ ഗവൺമെന്റ് ആശുപത്രിയിലേക്കു മാറ്റി. രണ്ടുപേരും സുഖമായിരിക്കുന്നു. ചിത്രയുടെ മൂന്നാമത്തെ പ്രസവമാണിത്. പ്രസവമെടുക്കുന്നതിനു മുൻപ് ജോയ്സി തനിക്ക് പരിചയമുള്ള ഒരു ഗൈനക്കോളജിസ്റ്റിനെ ഫോണിൽ ബന്ധപ്പെട്ട് സംശയ നിവാരണവും നടത്തിയിരുന്നു.
ലിറ്റിൽ ഫ്ളവർ ആശുപത്രിയിലെ ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ കളപ്പുരയ്ക്കലിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജോയ്സിയെ അഭിനന്ദിച്ചു. കൊറോണ കാലത്തെ മുൻനിര പോരാളികളായ നഴ്സുമാരുടെ സേവനം പ്രതിസന്ധി ഘട്ടത്തിൽ വിലപ്പെട്ട ജീവനുകൾക്ക് കാവലാളായ സംഭവം ഇപ്പോൾ അനേകർക്ക് പ്രചോദനമാകുകയാണ്.