കാസർകോട്: പെരിയ ഇരട്ടക്കൊലപാതകം അന്വേഷിക്കുന്ന സിബിഐക്ക് കാസർകോട് ക്യാമ്പ് ഓഫീസ് അനുവദിച്ച് സർക്കാർ ഉത്തരവ് ഇറക്കി. പിഡബ്ല്യുഡി റസ്റ്റ് ഹൗസിലാണ് ക്യാമ്പ് അനുവദിക്കുക. അടുത്ത ആഴ്ച ക്യാമ്പ് ഔദ്യോഗികമായി കൈമാറും.
ക്യാമ്പിന് പുറമേ ജീവനക്കാരും വാഹനവും വേണമെന്ന് സിബിഐ ആവശ്യപ്പെട്ടിരുന്നു. ജീവനക്കാരെ അനുവദിക്കുന്നത് പോലീസ് മേധാവിയുടെ പരിഗണനയിലാണ്. അടുത്ത ആഴ്ച അലോട്ട്മെന്റ് ഉണ്ടാകും. പോലീസിൽ നിന്നാണ് സിബിഐക്ക് ജീവനക്കാരെ നൽകുന്നത്.
കാസർകോട് തങ്ങി അന്വേഷണം നടത്താൻ ക്യാമ്പ് ഓഫീസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് സിബിഐ സർക്കാരിന് കത്തയച്ചിരുന്നു. എന്നാൽ ആദ്യ അപേക്ഷ സർക്കാർ പരിഗണിച്ചില്ല. തീരുമാനം വൈകിയതോടെ ഈ മാസം ആദ്യം സിബിഐ വീണ്ടും കത്തയച്ചു. ഇതോടെയാണ് ക്യാമ്പ് ഓഫീസ് അനുവദിക്കാൻ തീരുമാനമായത്.
കാസർകോട്ടെത്തി കൊലപാതകത്തിന്റെ പുനരാവിഷ്കാരം നടത്തി അന്വേഷണത്തിന് തുടക്കമിട്ട ശേഷം സിബിഐ സംഘം തിരുവനന്തപുരത്തേക്ക് മടങ്ങിയിരുന്നു. എസ്.പി.നന്ദകുമാരൻ നായർ, ഡിവൈഎസ്പി അനന്തകൃഷ്ണൻ എന്നിവരടക്കമുളള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് സിബിഐ അന്വേഷണം. അടുത്ത ആഴ്ച അന്വേഷണസംഘം വീണ്ടും കാസർകോട്ടെത്തും.