കാഞ്ഞങ്ങാട് ഡിവൈഎഫ്ഐ പ്രവർത്തകന്റെ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

കാഞ്ഞങ്ങാട്: കാസർകോട്ടെ ഡിവൈഎഫ്ഐ പ്രവർത്തകൻ ഔഫ് അബ്ദുൾ റഹിമാന്റെ കൊലപാതക കേസിലെ മുഴുവൻ പ്രതികളും പിടിയിലായി. യൂത്ത് ലീഗ് പ്രവർത്തകരായ ഇർഷാദ്, ഇസഹാഖ്, ഹസൻ, ആഷിർ എന്നിവരാണ് പിടിയിലായത്. പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ഹ

സ്സനെ ഇന്ന് രാവിലെയും ആഷിറിനെ ഇന്ന് ഉച്ചയോടെയുമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. യൂത്ത് ലീഗ് കാഞ്ഞങ്ങാട് മുൻസിപ്പൽ സെക്രട്ടറിയായ ഇർഷാദ് ആണ് അബ്ദുൾ റഹിമാനെ കുത്തിവീഴ്ത്തിയതെന്ന് പോലീസ് കസ്റ്റഡിയിലുള്ള ഇസഹാഖ് മൊഴി നൽകിയിട്ടുണ്ട്.

ഹസ്സനും ആഷിറും കൃത്യത്തിൽ പങ്കെടുത്തെന്നും ഇസഹാഖ് മൊഴി നൽകി. ആക്രമണം നടത്തിയതായി ഇർഷാദും കുറ്റം സമ്മതിച്ചിട്ടുണ്ട്. ബുധനാഴ്ച രാത്രി 10.30-ഓടെയാണ് കല്ലൂരാവി മുണ്ടത്തോട് വെച്ച് ഡിവൈഎഫ്ഐ പ്രവർത്തകനായ അബ്ദുൾ റഹ്മാന് കുത്തേൽക്കുന്നത്.

ബൈക്കിൽ പഴയ കടപ്പുറത്തേക്ക് വരുകയായിരുന്ന അബ്ദുറഹ്മാനെയും ഷുഹൈബിനെയും യൂത്ത് ലീഗ് പ്രവർത്തകരായ ഇർഷാദും സംഘവും ആക്രമിക്കുകയായിരുന്നു….അക്രമത്തിനിടെ പരിക്കേറ്റ ഷുഹൈബ് സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടെങ്കിലും ഇർഷാദ് ഉൾപ്പെടെയുള്ള അക്രമികളെ തിരിച്ചറിഞ്ഞിരുന്നു.

കാഞ്ഞങ്ങാട് നഗരസഭയിലെ 35ാം വാർഡിൽ എൽഡിഎഫ് വിജയം നേടിയതോടെയാണ് കല്ലൂരാവിയിലും മുണ്ടത്തോടും അക്രമസംഭവങ്ങൾ ആരംഭിച്ചത്. വിജയിച്ച എൽഡിഎഫ് സ്ഥാനാർഥിയടക്കമുള്ള സംഘം ആഹ്ലാദപ്രകടനം നടത്തുന്നതിനിടെ യൂത്ത് ലീഗുകാർ കല്ലെറിഞ്ഞിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇന്നലത്തെ സംഭവമെന്നാണ് റിപ്പോർട്ട്.