പാലക്കാട്: ഭക്ഷ്യയോഗ്യമല്ലാത്ത ശർക്കരയും പപ്പടവും സപ്ലൈകോ ഡിപ്പോകളിലും ഔട്ട്ലെറ്റുകളിലും കെട്ടിക്കിടക്കുന്നു. റേഷൻകടകളിൽനിന്ന് മടക്കിയയച്ചതും ഗുണനിലവാരമില്ലാത്തതിനെ തുടർന്ന് മാറ്റിവെച്ചതുമായ ശർക്കരയും പപ്പടവുമാണ് വിതരണക്കാർ തിരികെ എടുക്കാത്തതിനെ തുടർന്ന് നശിക്കുന്നത്.
കേടായ സാധനങ്ങൾ കെട്ടിക്കിടക്കുന്നത് മറ്റ് ഉൽപന്നങ്ങളെ ബാധിക്കുകയും സ്ഥലപരിമിതി ഉണ്ടാക്കുകയും ചെയ്യുന്നുണ്ട്. ഓണത്തിന് 11 ഇനങ്ങളടങ്ങിയ സൗജന്യക്കിറ്റില്‍ ഒരു കിലോ ശര്‍ക്കരയും പപ്പടവും ഉള്‍പ്പെടുത്തിയിരുന്നു. ഇതിൽ ഏഴ് വിതരണക്കാർ നൽകിയ 65 ലക്ഷം കിലോ ശർക്കരയാണ് വിതരണയോഗ്യമല്ലെന്ന് കണ്ടെത്തിയത്. കോടികൾ വിലവരുന്നതാണിവ. ചിലതില്‍ സുക്രോസിെൻ്റെ അളവ് കുറവാണ്. ചിലതില്‍ നിറം ചേര്‍ത്തിട്ടുണ്ട്.
ഭക്ഷ്യയോഗ്യമല്ലാത്തതിനാൽ ഇവ തിരിച്ചെടുക്കണമെന്ന് വിതരണക്കാർക്ക് നിർദേശം നൽകിയെങ്കിലും ഇപ്പോഴും കെട്ടിക്കിടക്കുകയാണ്. വിതരണക്കാർ പത്ത് ദിവസത്തിനകം തിരികെ എടുത്തില്ലെങ്കിൽ സപ്ലൈകോ നേരിട്ട് നീക്കം ചെയ്യും.