കൊറോണ സ്പെഷ്യൽ ബാലറ്റുപേപ്പറിൽ വോട്ടുകൾ ചുരണ്ടിമാറ്റി വിജയം അട്ടിമറിച്ചെന്ന വിവാദം ശക്തമാകുന്നു

നടുവണ്ണൂർ: പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ കൊറോണ സ്പെഷ്യൽ ബാലറ്റുപേപ്പറിൽ യുഡിഎഫ് ചിഹ്നത്തിനുചെയ്ത വോട്ടുകൾ ചുരണ്ടിമാറ്റി എൽഡിഎഫ് സ്ഥാനാർഥികൾക്ക് രേഖപ്പെടുത്തി വിജയം അട്ടിമറിച്ചെന്ന വിവാദം ശക്തമാകുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് യുഡിഎഫ് നടുവണ്ണൂർ പഞ്ചായത്തോഫീസിലേക്ക് നടത്തിയ മാർച്ച് ഗ്രാമപ്പഞ്ചായത്തോഫീസിനടുത്ത് പോലീസ് തടഞ്ഞു.

കെപിസിസി വൈസ് പ്രസിഡന്റ് ടി സിദ്ദിഖ് മാർച്ച് ഉദ്ഘാടനംചെയ്തു. ‘‘ചുരണ്ടിമാറ്റാതെ ഭരിക്കാൻ കഴിയില്ലെന്നാണ് ഇതിലൂടെ എൽ.ഡി.എഫ്. തെളിയിച്ചത്. ചുരണ്ടിയാൽ മിണ്ടാതെ നോക്കിനിൽക്കാൻ കഴിയില്ല. ജനാധിപത്യത്തെ അട്ടിമറിച്ച് സ്വൈരമായി ഭരിക്കാമെന്ന് വ്യാമോഹിക്കേണ്ട. ഇനി യുഡിഎഫിന് വിശ്രമമില്ല. പഞ്ചായത്തിനകത്തും പുറത്തും പോരാട്ടം തുടരും. സംസ്ഥാനതിരഞ്ഞെടുപ്പിനുശേഷം യുഡിഎഫ്. സത്യപ്രതിജ്ഞചെയ്ത് അധികാരമേൽക്കും’’ -അദ്ദേഹം പറഞ്ഞു.

യുഡിഎഫ് നേതാക്കളായ എൻ. സുബ്രഹ്മണ്യൻ, സാജിദ് നടുവണ്ണൂർ, വിഎം ചന്ദ്രൻ, വിവി മുഹമ്മദലി, നിജേഷ് അരവിന്ദ്, പി സുധാകരൻ, എം.കെ. ജലീൽ, എപി ഷാജി, കെ രാജീവൻ എന്നിവർ പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം നൽകി.