പ്രത്യേക നിയമസഭാ സമ്മേളനത്തിന് അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രിമാർ

തിരുവനന്തപുരം: പ്രത്യേക നിയമസഭാ സമ്മേളനത്തിന് അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഗവർണറുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മന്ത്രിമാരായ എ.കെ. ബാലനും വിഎസ് സുനിൽകുമാറും. ഗവർണറുമായി നടന്ന ചർച്ചയിലെ കാര്യങ്ങൾ മുഖ്യമന്ത്രിയെ ധരിപ്പിക്കും. തുടർന്ന് ഗവർണറെ അറിയിക്കേണ്ട കാര്യങ്ങൾ അറിയിക്കും. പിന്നീട് ഗവർണർ യുക്തമായ തീരുമാനം എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രിമാർ മാധ്യമങ്ങളോട് പറഞ്ഞു.

“വളരെ പോസിറ്റീവ് ആയ സമീപനമാണ് ഗവർണറുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളത്. 31ന് ചേരേണ്ട നിയമസഭാ സമ്മേളനത്തെക്കുറിച്ച് ഗവർണർ ആലോചിക്കും. ഗവർണർ പറഞ്ഞ കാര്യങ്ങൾ കൂടി കണക്കിലെടുത്തുകൊണ്ടായിരിക്കും തുടർ നടപടികൾ തീരുമാനിക്കുക”. സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന ഒരു കാര്യവും ഗവർണറുടെ ഭാഗത്തുനിന്ന് ഉണ്ടാവില്ലെന്നും എകെ ബാലൻ പറഞ്ഞു.

പ്രത്യേക നിയമസഭാ സമ്മേളനത്തിന് അനുമതി നൽകണമെന്നാവശ്യപ്പെട്ടാണ് നിയമമന്ത്രി എകെ ബാലനും കൃഷിമന്ത്രി വിഎസ് സുനിൽകുമാറും ഗവർണറെ കണ്ടത്. ഉച്ചയ്ക്ക് 12.30 ഓടെയാണ് മന്ത്രിമാർ രാജ്ഭവനിലെത്തി ഗവർണറെ കണ്ടത്. 35 മിനിറ്റോളം അവർ ഗവർണറുമായി ചർച്ച നടത്തി. 31ന് മന്ത്രിസഭാ സമ്മേളനം നടത്താം എന്ന കാര്യത്തിൽ ഗവർണർ ഉറപ്പ് നൽകിയിട്ടില്ലെന്നാണ് സൂചന.

കേന്ദ്ര സർക്കാർ കൊണ്ടുവന്ന കാർഷിക നിയമ ഭേദഗതികൾ തള്ളിക്കളയാൻ ഡിസംബർ 23ന് ഒരു ദിവസത്തെ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേർക്കണമെന്ന ശുപാർശ നേരത്തെ ഗവർണർ തള്ളിയിരുന്നു. ഡിസംബർ 31 ന് വീണ്ടും സഭാസമ്മേളനം വിളിക്കാൻ തീരുമാനിച്ച സർക്കാർ അതിനുള്ള ശുപാർശ ഗവർണർക്ക് അയച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ ഗവർണർ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. അനുമതി നൽകണമെന്നാവശ്യപ്പെട്ടാണ് മന്ത്രിമാർ നേരിട്ട് ഗവർണറുമായി കൂടിക്കാഴ്ച നടത്തിയത്.

പ്രത്യേക യോഗം ചേരേണ്ടതിന്റെ അടിയന്തരസാഹചര്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഡിസംബർ 23ന് നടക്കേണ്ട നിയമസഭായോഗത്തിന് ഗവർണർ അനുമതി നിഷേധിച്ചത്. ജനുവരി എട്ടിന് ബജറ്റ് സമ്മേളനം ചേരുന്നുണ്ട്. അതിനുള്ള അനുമതി ഗവർണർ നൽകുകയും ചെയ്തിരുന്നു. കാർഷിക നിയമത്തിൽ അടിയന്തര സാഹചര്യം എന്ന് പറയുന്ന സർക്കാരിന് കുറച്ച് ദിവസംകൂടി കാത്തിരുന്ന് ജനുവരി 8ലെ ബജറ്റ് സമ്മേളനത്തിൽ ഇത് അവതരിപ്പിക്കാം എന്നാണ് ഗവർണറുടെ നിലപാട്.

അടിയന്തര സാഹചര്യമുണ്ടായിരുന്നുവെങ്കിൽ ബജറ്റ് സമ്മേളനത്തിന് അനുമതി തേടുന്നതിന് മുമ്പ് പ്രത്യേക നിയമസഭാ സമ്മേളനത്തിന് അനുമതി തേടാമായിരുന്നുവെന്നും അങ്ങനെയെങ്കിൽ അനുമതി നൽകുമായിരുവെന്നുമാണ് രാജ്ഭവന്റെ നിലപാട്.