സംഘപരിവാറിൽ ചേക്കേറി ആരിഫ് മുഹമ്മദ്ഖാൻ രാഷ്ട്രീയക്കളി തുടരുന്നു; ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഐ മുഖപത്രം

തിരുവനന്തപുരം: കേരള ഗവർണർ ആരിഫ് ഖാനെതിരേ നിശ്ശിത വിമർശനവുമായി സിപിഐ മുഖപത്രം ജനയുഗം. സംഘപരിവാറിൽ ചേക്കേറിക്കൊണ്ട് ആരിഫ് മുഹമ്മദ്ഖാൻ രാഷ്ട്രീയക്കളി തുടരുകയാണ്. കാർഷിക നിയമ ഭേദഗതികൾ തള്ളിക്കളയാൻ ഡിസംബർ 23 ന് ഒരു ദിവസത്തെ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേർക്കണമെന്ന ശുപാർശ തള്ളിയ ഗവർണർ ആരിഫ് ഖാന് ഗവർണർ ആരിഫ് ഖാന് മഹത്തായ ഗവർണർ പദവിയിൽ തുടരാൻ അർഹതയുണ്ടോ എന്ന് മുഖപ്രസംഗം ചോദിക്കുന്നു.

മുഖപ്രസംഗത്തിന്റെ പ്രസ്കത ഭാഗങ്ങൾ

കോൺഗ്രസിന്റേതടക്കം ഒട്ടനവധി പാർട്ടികളുടെ ഇടനാഴികളിൽ അധികാര ഭിക്ഷയാചിച്ച് ഓടിയലഞ്ഞ വ്യക്തിത്വമാണ്, ജനാധിപത്യത്തെയും ജനതാല്പര്യങ്ങളെയുമെല്ലാം പുച്ഛിച്ചുതള്ളുന്ന സംഘപരിവാറിൽ ചേക്കേറി, അതുവഴി ഗവർണർ പദവിയിലമർന്നിരിക്കുന്നത്. കേരളം പോലെ രാഷ്ട്രീയജനാധിപത്യമതേതര മാന്യതകളെല്ലാം പുലർത്തുന്ന സംസ്ഥാനത്തിന്റെ ഗവർണർ പദവിയിലേക്ക് ആരിഫിനെ ആർഎസ്എസ് നിയോഗിച്ചതുതന്നെ അവരുടെ അജണ്ട വേഗത്തിലാക്കുന്നതിനാണ്.

ജനാധിപത്യത്തെ പച്ചയായി അവഹേളിച്ച് ഭരണഘടനാവിരുദ്ധമായി പാർലമെന്റിൽ പാസാക്കിയ ഒരു നിയമത്തെ എതിർക്കാനും അതിനെതിരെ പ്രതികരിക്കാനും ജനാധിപത്യ ഭരണസംവിധാനത്തിൽ സംസ്ഥാനങ്ങൾക്ക് അധികാരമുണ്ട്. സംസ്ഥാനത്തെ ജനങ്ങളുടെ വികാരം ഭരണപ്രതിപക്ഷ ഭേദമന്യേ നിയമസഭയിൽ പ്രമേയമായി അവതരിപ്പിക്കാനായിരുന്നു സർക്കാരിന്റെ ഉദ്ദേശ്യം. ഇതിനായി ഡിസംബർ 23ന് ഒരു മണിക്കൂർ സഭ ചേരാനുള്ള അനുമതിക്കായി 21ന് ചേർന്ന മന്ത്രിസഭായോഗം ഗവർണറോട് ശുപാർശ ചെയ്യുകയായിരുന്നു. എന്നാൽ ഗവർണർ ഇത് അംഗീകരിച്ചില്ല.

സഭാ സമ്മേളനം വിളിക്കാനുള്ള അധികാരം ഗവർണറിൽ നിക്ഷിപ്തമാണെങ്കിലും ആ പദവിയിലിരിക്കുന്ന ആൾ പ്രവർത്തിക്കേണ്ടത് തെരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭയുടെ ഉപദേശാനുസരണമാണ്. ആ മന്ത്രിസഭയോട് നിയമസഭാ അംഗങ്ങൾക്ക് വിശ്വാസം നഷ്ടപ്പെടുന്ന പോലെ പ്രത്യേക സാഹചര്യങ്ങളിൽ മാത്രമാണ് ഗവർണർക്ക് തന്റെ വിവേചനാധികാരം പ്രയോഗിക്കാനാവുക.

കേരളത്തിലെ സാഹചര്യം ഇതിൽനിന്നെല്ലാം വ്യത്യസ്തമാണെന്നിരിക്കെ ഗവർണറുടെ ജോലി, ഭൂരിപക്ഷം നഷ്ടപ്പെടാത്ത മന്ത്രിസഭയുടെ ശുപാർശനുസരിച്ച് നിയമസഭ വിളിച്ചുചേർക്കുക ഉൾപ്പെടെയുള്ള കാര്യങ്ങൾ തന്നെയാണ്.

ജനാധിപത്യത്തെ പച്ചയായി അവഹേളിച്ച് ഭരണഘടനാ വിരുദ്ധമായി പാർലമെന്റിൽ പാസാക്കിയ ഒരു നിയമത്തെ എതിർക്കാനും അതിനെതിരെ പ്രതികരിക്കാനും സംസ്ഥാനങ്ങൾക്ക് അധികാരമുണ്ട്. അതിനെ തടയാമെന്ന സംഘപരിവാർ രാഷ്ട്രീയ ചിന്തയോടെ ഒരാൾ പദവിയിൽ കഴിയുന്നത് ഭരണഘടനാവിരുദ്ധമാണ്. ഈ മനോനിലയുള്ളവരെ ഇത്തരം പദവിയിൽ നിയോഗിക്കുന്ന മോഡി-അമിത് ജോഡിയുടെ ഹോബിയെ ജനങ്ങളാൽ എതിർക്കപ്പെടണം.

കാർഷിക വിഷയം ചർച്ച ചെയ്യാൻ ഈ മാസം 31 പ്രത്യേക നിയമസഭാസമ്മേളനം ചേരാനുള്ള ശുപാർശ ഗവർണർക്ക് കൈമാറിയിരിക്കുന്നു, പതിവ് പല്ലവിയാണ് ഇനിയുമെങ്കിൽ ഗവർണർ പദിവിയിൽ നിന്ന ആരിഫ് ഖാനെ തിരിച്ചുവിളിക്കാനുള്ള പ്രമേയത്തിനും കേരളം ഐക്യം നേരും.