വിവാദങ്ങൾ ബാക്കി; സന്ദീപ് ബത്ര ഐസിഐസിഐ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ

എസ് ശ്രീകണ്ഠൻ

മുംബൈ: ഐസിഐസിഐ ബാങ്കിൻ്റെ എക്സിക്യൂട്ടീവ് ഡയറക്ടർ നിയമനത്തിന് ഒടുവിൽ റിസർവ്വ് ബാങ്ക് അനുമതിയായി. മൂന്നു വർഷക്കാലാവധിയിൽ സന്ദീപ് ബത്ര ആ പദവിയിലേക്ക് വരുന്നു. ബാങ്ക് ഓഫ് രാജസ്ഥാൻ്റെ ലയനം സംബന്ധിച്ച ഒരു കേസ്സിൽ ശിക്ഷ ലഭിച്ചയാളാണ് സന്ദീപ് ബത്ര . ആ കേസ്സിൽ രണ്ടു ലക്ഷം രൂപ പിഴയടയ്ക്കാനായിരുന്നു സെബി ഉത്തരവ്. ഈ ശിക്ഷ കണക്കിലെടുത്ത് ബത്രയുടെ നിയമന നിർദ്ദേശം ഐസിഐസിഐ ബാങ്ക് മുന്നോട്ട് വെച്ചപ്പോൾ റിസർവ് ബാങ്ക് തടഞ്ഞു.

2019 നവംബറിലാണ് ഇതൊക്കെ നടന്നത്. ഇതിനിടെ ബത്ര അപ്പീലിന് പോയിരുന്നു. ബത്രയുടെ അപ്പീൽ പരിഗണിച്ച സെക്യൂരിറ്റീസ് അപ്പലേറ്റ് ട്രിബ്യൂണൽ ഇക്കഴിഞ്ഞ സപ്തംബർ പത്തിന് ഒരു ഉത്തരവ് ഇറക്കി. ബത്രയുടെ പിഴ ഒഴിവാക്കി. പകരം ഒരു വാണിങ് നൽകി വിട്ടയച്ചു. തുടർന്ന് ചേർന്ന ഐസിഐസിഐ ബാങ്ക് ബോർഡ് യോഗം ബത്രയെ ഹോൾ ടൈം ഡയറക്ടറാക്കാനുള്ള പ്രമേയം വീണ്ടും കൊണ്ടു വന്ന് അംഗീകരിച്ചു.

റിസർവ് ബാങ്ക് അനുമതി കൂടി ആയതോടെ സന്ദീപ് ബത്ര എക്സിക്യൂട്ടീവ് ഡയറക്ടർ പദവിയിലെത്തി. സന്ദീപ് ബത്രയ്ക്ക് ഐസിഐസിഐ ഗ്രൂപ്പിൽ 20 വർഷത്തെ പ്രവർത്തന പരിചയമുണ്ട്. ഏറ്റവും ഒടുവിൽ കോർപ്പറേറ്റ് ഓഫീസിൻ്റെ ചുമതലയുള്ള പ്രസിഡൻ്റായി പ്രവർത്തിച്ചു വരികയായിരുന്നു. സന്ദീപ് ബത്ര കടുത്ത മത്സരത്തിൻ്റെ നാളുകളിൽ എന്തൊക്കെ പുതുമകൾ കൊണ്ടുവരുമെന്ന് ഉറ്റു നോക്കുകയാണ് കോർപ്പറേറ്റ് ലോകം.