ന്യൂഡെൽഹി: പ്രക്ഷോഭം തുടരുന്ന കർഷകരുമായി വീണ്ടും ചർച്ചക്ക് തയാറാണെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ കത്തയച്ചു. നേരത്തെ അഞ്ച് തവണ കേന്ദ്രവും കർഷകരും തമ്മിൽ നടത്തിയ ചർച്ച ധാരണയാകാതെ പിരിഞ്ഞിരുന്നു. പ്രയോജനകരമല്ലാത്ത ഭേദഗതികൾ ആവർത്തിക്കുന്നതിന് പകരം വ്യക്തമായ ഒരു തീരുമാനത്തിലെത്തണമെന്ന് കഴിഞ്ഞ ദിവസം കർഷകസംഘടനകൾ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ചർച്ചക്ക് സന്നദ്ധത അറിയിച്ച് സംയുക്ത കിസാൻ മോർച്ചക്ക് കേന്ദ്ര സർക്കാർ കത്തയച്ചത്.
കർഷകർ മുൻ ചർച്ചകളിൽ ഉയർത്തിയ ആശങ്കകൾ പരിഹരിക്കുമെന്ന് സർക്കാർ എഴുതി നൽകിയതാണെന്നും കത്തിൽ പറയുന്നു. എന്നാൽ, നിയമങ്ങൾ പിൻവലിക്കുകയെന്ന കർഷകരുടെ ആവശ്യത്തെ കുറിച്ച് കത്തിൽ പറയുന്നില്ല. ചർച്ചയ്ക്ക് തയാറാണെന്നും എല്ലാ അഭിപ്രായങ്ങളും കേൾക്കേണ്ടത് സർക്കാരിൻ്റെ ഉത്തരവാദിത്തമാണെന്നും കത്തിൽ പറയുന്നു.
അതേസമയം, അവശ്യസാധന നിയമത്തിൽ തങ്ങളുടെ നിലപാട് നേരത്തെ വ്യക്തമാക്കിയതാണെന്നും കത്തിൽ പറയുന്നു.കർഷകരുടെ സമരം 28ാം ദിവസത്തിലേക്കാണ് കടന്നിരിക്കുന്നത്. നവംബർ 26ന് ആരംഭിച്ച സമരം ഡൽഹിയുടെ വിവിധ അതിർത്തികളിൽ തുടരുകയാണ്.