തെരഞ്ഞെടുപ്പിന് മാത്രം വീടുകളിൽ ചെന്നാൽ ആരും തിരിഞ്ഞ് നോക്കില്ല; ഗ്രൂപ്പ് വൈരത്തിൽ തിരുത്തൽ വേണം: അടൂർ പ്രകാശ്

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ കനത്ത തോൽവിയിൽ വിമർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് അടൂർ പ്രകാശ് എംപി. തെരഞ്ഞെടുപ്പിന് മാത്രം വീടുകളിൽ ചെന്നാൽ ആരും തിരിഞ്ഞ് നോക്കില്ലെ‌ന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. യുഡിഎഫിന്റെ വിജയം പ്രതീക്ഷിച്ചിരുന്ന ജനാധിപത്യ വിശ്വാസികൾക്ക് ഇത് തിരിച്ചടിയായെന്നും അദ്ദേഹം കുറിച്ചു.

തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച വിജയം കൈവരിക്കാൻ യുഡിഎഫിനു കഴിഞ്ഞില്ല എന്നത് ഒരു യാഥാർഥ്യമാണ്. പലേടത്തും അപ്രതീക്ഷിത തിരിച്ചടികൾ ഉണ്ടായി. യുഡിഎഫിന്റെ മികച്ച വിജയം പ്രതീക്ഷിച്ചിരുന്ന വലിയൊരു വിഭാഗം ജനാധിപത്യ വിശ്വാസികളായ ജനങ്ങൾക്ക് ഈ തിരിച്ചടി വേദനാജനകമാണ്.

സർക്കാരിലും ഇടതുപക്ഷ പാർട്ടികളിലും ഉള്ളവർ പോലും ഇപ്പോൾ എൽ ഡി എഫിനു കിട്ടിയ വിജയം ഒരു തരത്തിലും പ്രതീക്ഷിച്ചിരുന്നില്ല എന്നതാണു വാസ്തവം.ഈ സാഹചര്യത്തിൽ യുഡിഎഫിനു നേതൃത്വം നൽകുന്ന #കോൺഗ്രസ് നേതൃത്വം ആത്മ പരിശോധനയ്ക്ക് തയ്യാറാകേണ്ടതുണ്ട്.

എന്തൊക്കെയാണ് പാളിച്ചകൾ? പോരായ്മകൾ? സ്വന്തം ദൗർബല്യങ്ങൾ? ഇവയൊക്കെ തിരുത്തിയാവണം ഇനിയുള്ള ചുവട് വെക്കേണ്ടത്. അതിനുള്ള സന്നദ്ധത നേതാക്കൾക്കൊപ്പം പ്രവർത്തകരും പ്രകടിപ്പിക്കണം എന്നാണെന്റെ അഭിപ്രായമെന്നും അദ്ദേഹം വ്യക്തമാക്കി.

നമ്മുടെ ഓരോ പ്രദേശങ്ങളിലുള്ള സാധാരണ മനുഷ്യരുടെ ദൈനംദിന ജീവിതവുമായി നാം എത്രത്തോളം ഇടപെടുന്നുണ്ട്? പ്രാദേശിക പ്രശ്‌നങ്ങളിൽ ആത്മാർത്ഥമായി ഇടപെട്ട് അവയ്ക്ക് പരിഹാരമുണ്ടാക്കാൻ ശ്രമിച്ചിട്ടുണ്ടോ? അയൽവാസികളെ അന്വേഷിക്കാറുണ്ടോ? അപരിചിതരെ പരിചയപ്പെടാറുണ്ടോ? പൊതു വിഷയങ്ങളിൽ പ്രതികരിക്കാറുണ്ടോ? ഇത്തരം നിരവധി ചോദ്യങ്ങൾ സ്വയം ചോദിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.