ന്യൂഡെൽഹി: കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് എംപിമാർ രാഷ്ട്രപതി ഭവനിലേക്ക് നടത്തിയ മാർച്ച് പോലീസ് തടഞ്ഞു. മാർച്ചിൽ പങ്കെടുത്ത പ്രിയങ്ക വദ്ര ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്തു.ഡെൽഹി പോലീസിന്റേതാണ് നടപടി.
പ്രിയങ്ക ഉൾപ്പടെയുളള നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കാൻ ആരംഭിച്ചതോടെ മാർച്ചിൽ സംഘർഷം ഉണ്ടായി. പ്രിയങ്കയെ അറസ്റ്റ് ചെയ്ത് പോലീസ് വാഹനത്തിൽ കയറ്റിയെങ്കിലും പ്രവർത്തകർ വാഹനത്തിന് മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. തുടർന്ന് പ്രവർത്തകരെ പോലീസ് പ്രവർത്തകരെയും അറസ്റ്റ് ചെയ്ത് നീക്കി. വലിച്ചിഴച്ചാണ് പ്രവർത്തകരെ വാഹനത്തിലേക്ക് കയറ്റിയത്.
‘കാർഷിക നിയമങ്ങൾ പിൻവലിക്കണം. സർക്കാർ ജനങ്ങളുടെ ശബ്ദം കേൾക്കണം. അവർ കർഷകരുടെ വയറ്റത്ത് ചവിട്ടുകയാണ്. സർക്കാർ പറയുന്നത് കേൾക്കാനാണ് അവർ കർഷകരോട് ആവശ്യപ്പെടുന്നത്.’ പ്രിയങ്ക മാധ്യമപ്രവർത്തകരോടു പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് എംപിമാർ രാഷ്ട്രപതി ഭവനിലേക്ക് നടത്തിയ മാർച്ച് പോലീസ് തടഞ്ഞതിനെ തുടർന്ന് എംപിമാർ അക്ബർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. പ്രിയങ്ക ഗാന്ധിയും ഇവർക്കൊപ്പം ചേർന്നു. പിന്നീട് മാധ്യമങ്ങളോട് സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് ഇവരെ അറസ്റ്റ് ചെയ്തു നീക്കിയത്.
എഐസിസി ഓഫീസിൽനിന്നാണ് മാർച്ച് ആരംഭിച്ചത്. മാർച്ച് അക്ബർ റോഡിലേക്ക് പ്രവേശിച്ചെങ്കിലും ബാരിക്കേഡ് നിരത്തി മാർച്ച് പോലീസ് തടയുകയായിരുന്നു. പ്രിയങ്ക ഗാന്ധി, കെ.സി.വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, ടി.എൻ. പ്രതാപൻ ഉൾപ്പടെയുളള നേതാക്കൾ രാഹുൽ ഗാന്ധിക്കൊപ്പം ഉണ്ടായിരുന്നു. രാഷ്ട്രപതിയെ കാണാൻ അനുവദിക്കണമെന്ന ആവശ്യം നിരാകരിച്ചതിനെ തുടർന്ന് എംപിമാർ അക്ബർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
അറസ്റ്റ് ചെയ്താൽ മാത്രമേ തങ്ങൾ പിന്മാറുകയുളളൂവെന്ന് കൊടിക്കുന്നിൽ സുരേഷ് പ്രതികരിച്ചു. മാർച്ചിന് ഡെൽഹി പോലീസ് നേരത്തേ അനുമതി നിഷേധിച്ചിരുന്നു.
കോൺഗ്രസ് ആസ്ഥാനത്തിന് സമീപം 144 പ്രഖ്യാപിക്കുകയും ചെയ്തു. വ്യാഴാഴ്ച രാവിലെ 10.30-നാണ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് എംപിമാർ രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് നടത്താനിരുന്നത്.
വിജയ് ചൗക്കിൽനിന്ന് രാഷ്ട്രപതി ഭവനിലേക്കായിരുന്നു മാർച്ച് എഐസിസി ആസ്ഥാനത്ത് നിന്ന് രണ്ട് ബസുകളിലായി രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള സംഘം വിജയ് ചൗക്കിലേക്കെത്തി, ഇവിടെനിന്ന് രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് നടത്താനായിരുന്നു പദ്ധതി.