കാഞ്ഞങ്ങാട്: കല്ലൂരാവിയിൽ ഡിവൈഎഫ്ഐ പ്രവർത്തകനെ വെട്ടിക്കൊന്നു. കല്ലൂരാവി സ്വദേശി അബ്ദുറഹ്മാൻ ഔഫ് (32) ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിൽ പ്രതിഷേധിച്ച് കാഞ്ഞങ്ങാട് നഗരസഭ പരിധിയിൽ ഇന്ന് എൽഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചു.
ബുധനാഴ്ച രാത്രി കല്ലൂരാവി മുണ്ടത്തോട് ലീഗ് മുണ്ടത്തോട് വാർഡ് സെക്രട്ടറി മുഹമ്മദ് ഇർഷാദിന് വെട്ടേറ്റിരുന്നു. ഇദ്ദേഹത്തെ മംഗലാപുരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിന്‍റെ തുടർച്ചയായാണ് രാത്രി 11 മണിയോടെ കൊലപാതകം അരങ്ങേറിയത്. ബൈക്കിൽ വരികയായിരുന്ന ഔഫിനെയും സുഹൃത്ത് ഷുഹൈബിനെയും ഒരു സംഘം തടഞ്ഞ് നിർത്തി അക്രമിക്കുകയായിരുന്നു. ഔഫ് സംഭവസ്ഥലത്ത് തന്നെ മരിച്ചു.
ഷുഹൈബ് അക്രമികളെ ഭയന്ന് ഓടി രക്ഷപ്പെട്ടു. ഇയാൾക്കും മുഖത്ത് പരിക്കുണ്ട്. തെരഞ്ഞെടുപ്പിന് ശേഷം കല്ലൂരാവിയിൽ മുസ്ലിം ലീഗ് – ഐഎൻഎൽ, സിപിഎം പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായിരുന്നു.
മുസ്ലിം ലീഗാണ് അക്രമത്തിന് പിന്നിലെന്ന് സിപിഎം നേതൃത്വം ആരോപിച്ചു. പഴയ കടപ്പുറത്തെ ആയിഷയുടെ മകനാണ് മരിച്ച അബ്ദുറഹ്മാൻ ഔഫ്. രണ്ട് വർഷം മുമ്പാണ് വിവാഹിതനായത്. ഭാര്യ ഷാഹിന ഗർഭിണിയാണ്. ആലമ്പാടി ഉസ്താദിെൻറ ചെറുമകനാണ് മരിച്ച അബ്ദുറഹ്മാൻ ഔഫ്.