ശോഭയ്‌ക്കെതിരേ നടപടി വേണമെന്ന് മുരളീധരപക്ഷം; പൊട്ടിത്തെറികളിലേക്ക് പോകരുതെന്ന് കേന്ദ്ര നേതൃത്വം

കൊച്ചി : നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത് നിൽക്കെ സംസ്ഥാന ബിജെപിയിലുള്ള തർക്കം പൊട്ടിത്തെറികളിലേക്ക് പോകരുതെന്ന് കേന്ദ്ര നേതൃത്വത്തിന്റെ നിർദേശം. തദ്ദേശ തിരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാൻ കൊച്ചിയിൽ ചേർന്ന ബിജെപി കോർ കമ്മിറ്റി യോഗത്തിൽ കേരളത്തിന്റെ ചുമതലയുള്ള പ്രഭാരി സി.പി.രാധാകൃഷ്ണനാണ് നിലപാട് അറിയിച്ചത്.

തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിന്ന ശോഭാ സുരേന്ദ്രനെതിരേ കടുത്ത നിലപാടുമായി യോഗത്തിൽ മുരളീധര വിഭാഗം രംഗത്തെത്തി. പാർട്ടിയിൽ നിന്ന് വിട്ടുനിന്ന് പ്രതിഷേധിക്കുന്നത് ശരിയല്ല. അച്ചടക്ക നടപടി ക്ഷണിച്ചുവരുത്ത നടപടിയാണ് ശോഭയുടെ ഭാഗത്ത് നിന്നുണ്ടായിട്ടുള്ളത്. അവർക്കെതിരെ നടപടി വേണമെന്നും മുരളീധരപക്ഷ നേതാക്കൾ അറിയിച്ചു.

എന്നാൽ പ്രശനം രമ്യമായി പരിഹരിക്കണമെന്നാണ് കൃഷ്ണദാസ് പക്ഷത്തുനിന്നുള്ള നേതാക്കൾ പറഞ്ഞത്. ഇരുകൂട്ടരും വിട്ടുവീഴ്ചയ്ക്ക് തയ്യാറകണമെന്നും അറിയിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായി നിൽക്കുന്ന ഘട്ടത്തിൽ നടപടികളിലേക്ക് കടന്ന് പ്രശ്നം വഷളാക്കാൻ ഇല്ലെന്ന നിലപാടിലാണ് കേന്ദ്ര നേതൃത്വമുള്ളത്. ശോഭാ സുരേന്ദ്രൻ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ പങ്കെടുക്കാതിരുന്നത് വ്യക്തിപരമായ പ്രശ്നങ്ങളെ തുടർന്നാണെന്ന് സി.പി.രാധാകൃഷ്ണൻ യോഗത്തിൽ അറിയിച്ചു. നേരത്തെ മാധ്യമങ്ങളോടും അദ്ദേഹം ഇക്കാര്യം പറഞ്ഞിരുന്നു.