ന്യൂഡെൽഹി: കേന്ദ്രസർക്കാർ പാസാക്കിയ കർഷക നിയമങ്ങൾക്കെതിരേ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് എംപി മാർ രാഷ്ട്രപതി ഭവനത്തിലേക്ക് നടത്താനിരുന്ന മാർച്ചിന് ഡെൽഹി പോലീസ് അനുമതി നിഷേധിച്ചു. കോൺഗ്രസ് ആസ്ഥാനത്തിന് സമീപം 144 പ്രഖ്യാപിച്ചിട്ടുമുണ്ട്. മൂന്ന് നേതാക്കൾക്ക് മാത്രമാണ് രാഷ്ട്രപതി ഭവനിലേക്ക് പോകാൻ അനുമതി നൽകിയത്.
ഇന്ന് രാവിലെ 10.30നാണ് രാഹുൽഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് എംപിമാർ രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് നടത്താനിരുന്നത്. വിജയ് ചൗക്കിൽ നിന്ന് രാഷ്ട്രപതി ഭവനിലേക്കായിരുന്നു മാർച്ച് നടത്താൻ തീരുമാനിച്ചിരുന്നത്.
എഐസിസി ആസ്ഥാനത്ത് നിന്ന് രണ്ട് ബസുകളിലായി രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള സംഘം വിജയ് ചൗക്കിലേക്കെത്തി, ഇവിടെ നിന്ന് രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് നടത്താനായിരുന്നു പദ്ധതി.
കേരളത്തിൽ നിന്ന് ശശി തരൂർ, കെ.സി.വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, ഹൈബി ഈഡൻ, ടിഎൻ പ്രതാപൻ, രാജ് മോഹൻ ഉണ്ണിത്താൻ എന്നിവരാണ് മാർച്ചിൽ പങ്കെടുക്കുക. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കോൺഗ്രസ് എംപിമാർ മാർച്ചിൽ പങ്കെടുക്കാനായി ഡെൽഹിയിലെത്തിയിട്ടുണ്ട്.
രാഷ്ട്രപതിയെ കണ്ട് കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് നിവേദനം നൽകാനും തീരുമാനിച്ചിരുന്നു. രണ്ട് കോടി ആളുകൾ ഒപ്പിട്ട നിവേദനം നൽകാനാണ് തീരുമാനിച്ചിരുന്നത്.