ചെന്നൈ: മരിച്ചവരുടെ അക്കൗണ്ടുകളിൽനിന്ന് വ്യാജരേഖ ചമച്ച് പണം തട്ടിയെടുത്ത ബാങ്ക് മാനേജരടക്കം മൂന്നുപേർക്കെതിരേ പോലീസ് ഗുണ്ടാനിയമം ചുമത്തി. ഇന്ത്യൻ ബാങ്കിന്റെ ചെന്നൈയിലെ ഒരു ബ്രാഞ്ചിൽ മാനേജരായിരുന്ന കൊട്ടിവാക്കം സ്വദേശി ബി. വിനോദ് (33), കെ.കെ. നഗർ സ്വദേശി നായിഡു എന്ന സൂര്യ (22), തിരുവള്ളൂർ സ്വദേശി രഞ്ജിത് കുമാർ (23) എന്നിവരെയാണ് ഗുണ്ടാപ്പട്ടികയിൽ ഉൾപ്പെടുത്തിയത്. ഇവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
പ്രതികൾ വീണ്ടും ക്രിമിനൽക്കുറ്റങ്ങളിലേർപ്പെടാൻ സാധ്യതയുണ്ടെന്ന അന്വേഷണസംഘങ്ങളുടെ ശുപാർശപ്രകാരം ചെന്നൈ പോലീസ് കമ്മിഷണർ മഹേഷ് കുമാർ അഗർവാളാണ് ഇവർക്കെതിരേ ഗുണ്ടാച്ചട്ടം ചുമത്തി ഉത്തരവിറക്കിയത്. ബാങ്ക് തട്ടിപ്പിന് കഴിഞ്ഞമാസമാണ് വിനോദിനെ സെൻട്രൽ ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തത്.
2017മുതൽ 2019വരെ ബാങ്ക് മാനേജരായിരിക്കുമ്പോൾ മരിച്ചവരുടെ പേരിൽ വ്യാജരേഖകളുണ്ടാക്കിയായിരുന്നു തട്ടിപ്പ്. പെൻഷൻ തുകയും മറ്റുമായി അക്കൗണ്ടിൽ വലിയ തുകയുള്ളവർ മരിച്ചതിനുശേഷം അവകാശികൾ പണമന്വേഷിച്ച് ബാങ്കിലേക്ക് എത്തുന്നില്ലെന്ന് നിരീക്ഷിച്ച് ആ അക്കൗണ്ടുകൾ തിരഞ്ഞുപിടിച്ചായിരുന്നു തട്ടിപ്പ്.
ഇടപാട് നിലച്ച അക്കൗണ്ടുകൾ വ്യാജരേഖ ചമച്ച് സജീവമാക്കി എടിഎം കാർഡ് സംഘടിപ്പിച്ചായിരുന്നു പണം പിൻവലിച്ചിരുന്നത്. ഇത്തരത്തിൽ 18 അക്കൗണ്ടുകളിൽനിന്നായി 47.6 ലക്ഷം രൂപ വിനോദ് തട്ടിയെടുത്തു. ആഡംബരജീവിതം നയിക്കാനാണ് ഈപണം പ്രതി ഉപയോഗിച്ചിരുന്നത്.
ഇയാൾക്കൊപ്പം ഗുണ്ടാനിയമം ചുമത്തിയ സൂര്യയും രഞ്ജിത്തും വിവിധ പോലീസ് പോലീസ് സ്റ്റേഷനുകളിൽ വധശ്രമത്തിനടക്കം ക്രിമിനൽക്കേസുകളിൽ പ്രതികളാണ്.