തലസ്ഥാനത്ത് കള്ളനോട്ടടി സംഘം; അഞ്ച് ലക്ഷം രൂപയും യന്ത്രവും പൊലീസ് പിടിച്ചെടുത്തു

തിരുവനന്തപുരം: വർക്കലയിൽ വൻ കള്ളനോട്ട് വേട്ട. അഞ്ച് ലക്ഷം രൂപയുടെ കളളനോട്ടും നോട്ടടി യന്ത്രങ്ങളുമായി ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മംഗലപുരം തോന്നയ്ക്കൽ കേന്ദ്രീകരിച്ച് ചാരിറ്റി പ്രവർത്തനം നടത്തുന്ന ആഷിഖ് തോന്നയ്ക്കൽ ( 35 ) എന്നയാളെയാണ് പോലീസ് പിടികൂടിയത്. വിനോദ സ‌ഞ്ചാര മേഖലകളിലാണ് ഇവർ കള്ളനോട്ട് നൽകി തട്ടിപ്പ് നടത്തിയിരുന്നത്.
സംഘത്തിൽ ഉൾപ്പെട്ട കൂടുതൽ പേർക്കായി ജില്ലയിൽ വ്യാപകമായ പരിശോധന തുടരുകയാണ്. ആറ്റിങ്ങൽ ഡി.വൈ.എസ്.പി.യുടെയും വർക്കല പോലീസിന്റെയും നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പരിശോധന നടത്തുന്നത്.

കഴിഞ്ഞ ദിവസം വർക്കല പാപനാശം ബീച്ചിൽ കള്ളനോട്ട് മാറാൻ ശ്രമിച്ച രണ്ടുപേർ അറസ്റ്റിലായിരുന്നു. ഇവരെ രഹസ്യ കേന്ദ്രത്തിൽ ചോദ്യം ചെയ്തതിനെ തുടർന്നാണ് സംഘത്തിലെ കൂടുതൽ പേരെക്കുറിച്ച് വിവരം ലഭിക്കുന്നത്. തുടർന്ന് പോലീസിലെ പ്രത്യക സംഘം നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.

ഇയാൾ പോത്തൻകോട് കാട്ടായിക്കോണം നെയ്യനമൂലയിൽ വീട് വാടകയ്ക്ക് എടുത്ത് ഒരു യുവതിക്കും അമ്മയ്ക്കും ഒപ്പം കഴിഞ്ഞ ഒന്നരമാസമായി താമസിച്ചുവരികയായിരുന്നു. ഇയാളുമായി കാട്ടായിക്കോണത്തെ വാടക വീട്ടിൽ തെളിവെടുപ്പിന് എത്തിയ വർക്കല പോലീസ് അഞ്ചുലക്ഷം രൂപയുടെ കള്ളനോട്ടും നോട്ടടി യന്ത്രങ്ങളും പിടിച്ചെടുത്തു.