ഓക്സ്ഫഡ് വാക്സിൻ്റെ ഉപയോഗത്തിന് അടുത്ത ആഴ്ച കേന്ദ്രം അനുമതി നൽകും

ന്യൂഡെൽഹി: ഓക്സ്ഫഡ് സർവ്വകലാശാലയുടെ ആസ്ട്രസെനക്ക വാക്സിന് അടുത്തയാഴ്ച്ച അനുമതി കിട്ടിയേക്കും. വാക്സിനുമായി ബന്ധപ്പെട്ട് ഡിസിജിഐ (‍ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറൽ ഓഫ് ഇന്ത്യ) തേടിയ അധിക വിവരങ്ങൾ കമ്പനി സർക്കാരിന് സമർപ്പിച്ചതിന് പിന്നാലെയാണ് അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലഭിക്കാൻ സാഹചര്യമൊരുങ്ങിയത്.

‍ഡിസിജിഐയുടെ അനുമതി ലഭിച്ചാൽ ഓക്സ്ഫഡ് സർവകലാശാലയുടെ പ്രതിരോധ മരുന്നിന് അനുമതി നൽകുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറും. ഫൈസർ, കൊവാക്സിൻ എന്നീ പ്രതിരോധ വാക്സിനുകളും അടിയന്തര ഉപയോഗത്തിന് അനുമതി തേടിയിരുന്നു. ഇവരോടും വാക്സിനുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഡിസിജിഐ ആവശ്യപ്പെട്ടെങ്കിലും കമ്പനികൾ ഇതുവരെ മറുപടി നൽകിയിട്ടില്ല.

അതേസമയം രാജ്യത്ത് ഇന്ന് രാവിലെ ഒൻപത് മണി വരെയുള്ള 24 മണിക്കൂറിൽ 23,950 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം ഒരു 1,0,99,066 -ആയി. 24 മണിക്കൂറിനിടെ കൊറോണ ബാധിച്ചു മരിച്ചത് 333 പേരാണ്.

അതേസമയം ഡെൽഹിയിൽ തുടർച്ചയായി രണ്ടാം ദിവസവും രോഗികളുടെ എണ്ണം ആയിരത്തിൽ താഴെയായി. ഇതോടെ കൊറോണ കിടക്കകളുടെ എണ്ണം കുറയ്ക്കാനൊരുങ്ങുകയാണ് സർക്കാർ. സാഹചര്യം പഠിച്ച് നിർദേശം നൽകാനായി നാലംഗ സമിതി രൂപീകരിച്ചു.

വൈറസിൻ്റെ പുതുഭേദം പടരുന്ന ബ്രിട്ടനിൽ നിന്ന് ഇന്ത്യയിലെത്തിയ 20 പേർക്കാണ് ഇതുവരെ കൊറോണ സ്ഥിരീകരിച്ചത്.