മുംബൈ: മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്‌നയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈ എയര്‍പോര്‍ട്ടിനടുത്ത് ഡ്രാഗണ്‍ഫ്‌ളൈ പബ്ബില്‍ നടത്തിയ പരിശോധനയിലാണ് താരത്തെ അറസ്റ്റ് ചെയ്തത്. ഗായകന്‍ ഗുരു രണ്‍ധാവയേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊറോണ മാനദണ്ഡങ്ങള്‍ ലംഘിച്ച് ഒത്തുകൂടിയതിനാണ് അറസ്റ്റ്.
ഇരുവരേയും പിന്നീട് ജാമ്യത്തില്‍ വിട്ടു. പബ്ബിലെ ഏഴ് ജീവനക്കാര്‍ ഉള്‍പ്പെടെ മൊത്തം 34 പേര്‍ക്കെതിരെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച റെയ്‌ന് ആഭ്യന്തര ക്രിക്കറ്റിലേക്ക് തിരിച്ചുവരാന്‍ ഒരുങ്ങുകയായിരുന്നു.
ഇത്തവണ സയ്യീദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റില്‍ കളിക്കുമെന്ന് 34കാരന്‍ അറിയിച്ചിരുന്നു. ഉത്തര്‍ പ്രദേശിനെ നയിക്കുന്നത് താനായിരിക്കുമെന്നും താരം പറഞ്ഞിരുന്നു. ജനുവരി 10നാണ് ടൂര്‍ണമെന്റ് ആരംഭിക്കുന്നത്.
ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ താരമായിരുന്ന റെയ്‌ന ഇക്കഴിഞ്ഞ ഐപിഎല്‍ സീസണില്‍ കളിച്ചിരുന്നില്ല. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്ന് വിട്ടുനില്‍ക്കുകയായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി അദ്ദേഹം പ്രൊഫഷണല്‍ ക്രിക്കറ്റ് കളിച്ചിട്ടില്ല. ജമ്മു കശ്മീരില്‍ യുവാക്കള്‍ക്കിടയില്‍ സ്‌പോര്‍ട്‌സ് വളര്‍ത്തിയെടുക്കുന്ന കാര്യങ്ങളിലും റെയ്‌ന ശ്രദ്ധിക്കുന്നുണ്ട്.