ലണ്ടൻ: ബ്രിട്ടണിൽ ജനിതകമാറ്റം സംഭവിച്ച പുതിയതരം കൊറോണ വൈറസിന്റെ വ്യാപനം നാട്ടിലേക്ക് മടങ്ങാൻ കാത്തിരുന്ന നിരവധി ഇന്ത്യൻ വിദ്യാർഥികളെ പ്രതിസന്ധിയിലാക്കി. ബ്രിട്ടണിൽ നിന്നുള്ള മുഴുവൻ വിമാന സർവീസുകളും റദ്ദാക്കിയതോടെ ക്രിസ്മസ്-പുതുവത്സര വേളയിൽ നാട്ടിലേക്ക് തിരിക്കാൻ ടിക്കറ്റെടുത്ത നിരവധി വിദ്യാർഥികളാണ് ബ്രിട്ടണിൽ കുടുങ്ങിയത്.
രോഗവ്യാപന സാഹചര്യത്തിൽ ടൂറിസ്റ്റ് വിസയും താത്കാലികമായ നിർത്തിവെച്ചതോടെ കുടുംബ ആവശ്യങ്ങൾക്കായി ബ്രിട്ടണിലെത്തിയ നിരവധി ഇന്ത്യക്കാരുടെ മടക്കവും പ്രതിസന്ധിയിലായി. യുകെ-ഇന്ത്യ മേഖലയിൽ ഏറ്റവും തിരക്കേറിയ സീസൺ കൂടിയാണിത്.
ചൊവ്വാഴ്ച അർദ്ധരാത്രി മുതൽ ഡിസംബർ 31 അർദ്ധരാത്രി വരെയാണ് ബ്രിട്ടണിൽ നിന്നുള്ള വിമാനങ്ങൾക്ക് ഇന്ത്യ വിലക്കേർപ്പെടുത്തിയിട്ടുള്ളത്. മുൻകരുതലുകളുടെ ഭാഗമായി ചൊവ്വാഴ്ച അർദ്ധ രാത്രിക്ക് മുമ്പായി യുകെയിൽ നിന്നെത്തുന്ന എല്ലാ യാത്രക്കാരും വിമാനത്താവളങ്ങളിലെത്തുമ്പോൾ നിർബന്ധിത ആർടി-പിസിആർ പരിശോധനയ്ക്ക് വിധേയരാകണമെന്നും വ്യോമയാന മന്ത്രാലയം അറിയിച്ചിരുന്നു.
വിമാന സർവീസ് റദ്ദാക്കിയതോടെ നാട്ടിലേക്ക് പോകാനും തിരിച്ച് ബ്രിട്ടണിലേക്ക് വരാനുമുള്ള ഇന്ത്യൻ വിദ്യാർഥികൾ ഏറെ ആശങ്കയിലാണെന്ന് യുകെയിലെ ഇന്ത്യൻ വിദ്യാർഥികളുടെ പ്രതിനിധി ഗ്രൂപ്പായ എൻഐഎസ്എയു അധ്യക്ഷ സനം അറോറ പറഞ്ഞു. പിസിആർ പരിശോധനയിലൂടെ പുതിയ വൈറസ് വകഭേദത്തെ തിരിച്ചറിയാൻ സാധിക്കുമോയെന്ന് ആശയക്കുഴപ്പമുണ്ടെന്നും അറോറ പറഞ്ഞു.
അടിയന്തര സാഹചര്യത്തിൽ യാത്രാ വിവരങ്ങൾ സംബന്ധിച്ച് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിൽ നിന്നുള്ള സന്ദേശങ്ങൾ ലണ്ടനിലെ ഇന്ത്യൻ ഹൈകമ്മീഷൻ സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിക്കുന്നുണ്ട്. വിമാന സർവീസ് റദ്ദാക്കിയത് ആളുകളുടെ സുരക്ഷ കണക്കിലെടുത്താണ്. ഇരുസർക്കാരുകളും സാഹചര്യം സൂക്ഷ്മമായി വിലയിരുത്തി വരുകയാണെന്നും അധികൃതരുടെ സുരക്ഷാ നിർദേശങ്ങൾ പാലിക്കണമെന്നും യുകെയിലെ പ്രവാസി ഗ്രൂപ്പുകൾ ആവശ്യപ്പെട്ടു.
ലോക്ക്ഡൗണിൽ യാത്ര തടസപ്പെട്ട് വിസാ കാലാവധി അവസാനിക്കുന്നവർക്ക് ഇളവ് നൽകുമെന്ന് നേരത്തെ യുകെ സർക്കാർ അറിയിച്ചിരുന്നു. ആദ്യവൈറസിനെക്കാൾ 70 ശതമാനമധികം വേഗത്തിൽ പടർന്നുപിടിക്കുന്നതാണ് പുതിയ വൈറസെന്നാണ് റിപ്പോർട്ട്. ഇന്ത്യയ്ക്ക് പുറമേ നിരവധി രാജ്യങ്ങളും യുകെയിലേക്കുള്ള വിമാന സർവീസിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.