കര്‍ഷക നിയമത്തിനെതിരെ പ്രമേയം; ജനുവരി എട്ടിന് നിയമസഭയിൽ അവതരിപ്പിക്കും

തിരുവനന്തപുരം: കാര്‍ഷിക നിയമത്തിനെതിരെ പ്രത്യേക പ്രമേയം പാസാക്കാനുള്ള നീക്കം ഗവര്‍ണര്‍ തടഞ്ഞെങ്കിലും പ്രമേയം നിയമസഭയിൽ അവതരിപ്പിക്കാനുള്ള തീരുമാനവുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട്. ജനുവരി എട്ടിന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൻ്റെ ആദ്യദിനം തന്നെ കര്‍ഷകനിയമത്തിനെതിരായ പ്രമേയം സര്‍ക്കാര്‍ അവതരിപ്പിക്കുമെന്ന് കൃഷിമന്ത്രി വി എസ് സുനിൽ കുമാര്‍ അറിയിച്ചു. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് വിഎസ് സുനിൽ കുമാര്‍ ഇക്കാര്യം പറഞ്ഞത്. ഇതൊരു ഫെഡറൽ റിപബ്ലിക്കാണ് ബനാനാ റിപബ്ലിക്കല്ല.

കേന്ദ്രസര്‍ക്കാര്‍ കൊണ്ടു വന്ന കാര്‍ഷിക നിയമം കേരളത്തിൽ നടപ്പാക്കില്ല. കാര്‍ഷിക നിയമത്തിൽ ബദൽ നിയമ നിർമ്മാണം നടത്തുന്ന കാര്യവും സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഗവർണർ പദവിയെ രാഷ്ട്രീയ ചട്ടുകമാക്കുകയാണ് കേന്ദ്ര സർക്കാരെന്നും വിഎസ് സുനിൽ കുറ്റപ്പെടുത്തി.

പ്രത്യേക നിയമസമ്മേളനത്തിന് അനുമതി നിഷേധിക്കുക വഴി കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ അധികാര ദുര്‍വിനിയോഗം നടത്തിയിരിക്കുകയാണ്. കാര്‍ഷിക നിയമത്തിനെ എതിര്‍ത്തും ഇതിനെതിരെ പ്രക്ഷോഭം നടത്തുന്ന കര്‍ഷകരെ പിന്തുണച്ചും തിരുവനന്തപുരത്ത് പ്രതിഷേധസംഗമം സംഘടിപ്പിക്കുമെന്നും ഈ സമരത്തിൽ മന്ത്രിമാര്‍ ഉൾപ്പെടെ പങ്കെടുക്കുമെന്നും വിഎസ് സുനിൽ കുമാര്‍ അറിയിച്ചു.