തിരുവനന്തപുരം: കവയിത്രി സുഗതകുമാരിയുടെ നില ഗുരുതരമായി തുടരുന്നു. കൊറോണ വൈറസ് ബാധിതയായതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് സുഗതകുമാരി. വെന്റിലേറ്ററിന്റെ സഹായത്താലാണ് നിലവിൽ ശ്വസിക്കുന്നത്.
സുഗതകുമാരിയുടെ ഹൃദയത്തിന്റെ പ്രവർത്തനത്തിന് തകരാർ സംഭവിച്ചിട്ടുണ്ടെന്നും മരുന്നുകളോട് തൃപ്തികരമായി പ്രതികരിക്കുന്നില്ലെന്നും ആശുപത്രി സൂപ്രണ്ട് ഡോ എം എസ് ഷർമ്മദ് അറിയിച്ചു. വിദഗ്ധ ഡോക്ടർമാരുടെ സംഘത്തിന്റെ സൂക്ഷ്മ നിരീക്ഷണത്തിലാണ് സുഗതകുമാരി ഇപ്പോൾ.
തിങ്കളാഴ്ചയാണ് സുഗതകുമാരിയെ തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിലെത്തുമ്പോൾ ബ്രോങ്കോ ന്യുമോണിയയെ തുടർന്നുള്ള ശ്വാസതടസമാണ് പ്രധാന പ്രശ്നമായി ഉണ്ടായിരുന്നത്.
ആശുപത്രിയിൽ പ്രവേശിപ്പിച്ചയുടൻ വിദഗ്ധ ഡോക്ടർമാരുടെ സംഘം പരിശോധിക്കുകയും തീവ്രപരിചരണ വിഭാഗത്തിലെ വെന്റിലേറ്ററിലേയ്ക്ക് മാറ്റുകയും ചെയ്തിരുന്നു.
വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് വിശ്രമത്തിലായിരുന്നു സുഗതകുമാരി.
ഞായറാഴ്ച രാത്രി പനി അനുഭവപ്പെട്ടതിനെ തുടർന്നാണ് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ രാവിലെയാണ് വൈറസ് പരിശോധന നടത്തിയത്. സ്വകാര്യ ആശുപത്രിയിൽ വെൻിലേറ്ററിന്റെ സഹായത്തോടെ ചികിത്സയിലായിരിക്കെയാണ് അവിടെ നിന്ന് വൈകിട്ട് നാലോടെ മെഡിക്കൽ കോളേജിലെത്തിച്ചത്.