ന്യൂഡെൽഹി: ഇംഗ്ലണ്ടിൽ നിന്ന് (യുകെ) വരുന്ന യാത്രികർക്കായി പ്രത്യേക മാർഗനിർദേശങ്ങൾ പുറത്തിറക്കി കേന്ദ്രസർക്കാർ. ബ്രിട്ടനിൽ കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് നടപടി. 17 തരത്തിലുള്ള ജനിതക വ്യതിയാനം സംഭവിച്ച കൊറോണ വൈറസ് വകഭേദമാണിത്.
ആർടി-പിസിആർ പരിശോധന, കൊറോണ വൈറസിന്റെ പുതിയ വകഭേദത്തിന് പോസിറ്റീവ് സ്ഥിരീകരിക്കുന്നവർക്ക് പ്രത്യേക ഐസലേഷൻ, പോസിറ്റീവ് സ്ഥിരീകരിക്കുന്നവരുടെ സഹയാത്രികർക്ക് ക്വാറന്റീൻ എന്നിവയാണ് മാർഗനിർദ്ദേശത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന പ്രധാന കാര്യങ്ങൾ. പുതിയ വൈറസ് ആളുകൾക്കിടയിൽ എളുപ്പത്തിൽ പടരാൻ ഇടയാക്കും.
ഈ സാഹചര്യത്തിൽ, കഴിഞ്ഞ നാല് ആഴ്ചയ്ക്കുള്ളിൽ (നവംബർ 25 മുതൽ ഡിസംബർ 23 വരെ) യുകെയിൽ നിന്നുവന്ന എല്ലാ യാത്രക്കാരെയും മാർഗനിർദേശങ്ങളുടെ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കൊറോണ വൈറസിന്റെ പുതിയ വകഭേദം കൂടുതൽ പകരുന്നതും യുവാക്കളെ ബാധിക്കുന്നതുമാണെന്നുമാണ് ആരോഗ്യമന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങളിൽ പറയുന്നു.