ലണ്ടൻ: കൊറോണ വൈറസെന്ന മഹമാരിയിൽ തകർന്ന് ലോകം മുഴുവൻ വീണ്ടും ഉയർത്തെഴുനേൾക്കൻ ശ്രമിക്കുകയാണ്. അതിനിടയിൽ മറ്റൊരു റിപ്പോർട്ട് കൂടി, ജനിതക മാറ്റം വന്ന കൊറോണ വൈറസ്. കുറഞ്ഞ സമയം കൊണ്ട് തന്നെ വ്യാപന തോത് വർധിപ്പിക്കുമോ എന്ന ആശങ്ക തള്ളിക്കളയാൻ സാധിക്കില്ല.
ദക്ഷിണ ബ്രിട്ടനിലാണ് വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയത്. ഇത് കൊറോണ വ്യാപനം വേഗത്തിലാകാൻ ഇടയാക്കിയേക്കുമെന്ന് ആശങ്കയുയർത്തുന്നുവെന്ന് ആരോഗ്യ വകുപ്പ് സെക്രട്ടറി മാറ്റ് ഹാൻകോക് വ്യക്തമാക്കി.
തലവേദന, പനി എന്നിവ ഉണ്ടായാൽ ഉടൻ തന്നെ രോഗം സ്ഥിരീകരിക്കാനാവുമെന്നതാണ് പുതിയ വൈറസ് വകഭേദത്തിൻ്റെ പ്രത്യേകതയെന്ന് വിദഗ്ധർ പറയുന്നു.
പ്രതിദിന കൊറോണ കണക്കുകളിലും ആശുപത്രികളിൽ പ്രവേശിക്കപ്പെടുന്നവരുടെ എണ്ണത്തിലും വർധനയുണ്ടെന്ന് മാറ്റ് ഹാൻകോക് പറഞ്ഞു. ചില പ്രദേശങ്ങളിൽ ഏഴു ദിവസം കൂടുമ്പോൾ കൊറോണ രോഗികളുടെ എണ്ണം ഇരട്ടിയാകുന്നു. ഈ സ്ഥിതി തുടരുന്നത് അപകടകരമാണ്.
രൂപാന്തരം പ്രാപിച്ച പുതിയ കൊറോണ വൈറസ് അതിവേഗം പടരുന്നതാണെങ്കിലും കുറഞ്ഞ സമയത്തിനുള്ളില്‍ വീണ്ടും കൂടുതല്‍ ആളുകള്‍ രോഗത്തിന്റെ പിടിയിലാകുമെന്നത് ആശങ്കാജനകമാണെന്ന് ബ്രിസ്‌റ്റോള്‍ യൂണിവേഴ്‌സിറ്റി വൈറോളജി വിഭാഗത്തിലെ ആന്‍ഡ്രൂ ഡേവിഡ്‌സണ്‍ പറഞ്ഞു. പുതിയ വാക്‌സീനെയും ചികിത്സകളെയും ഇത് എത്രത്തോളം ബാധിക്കുമെന്നാണ് ഗവേഷകരുടെ ആശങ്ക. കഴിഞ്ഞയാഴ്ചയാണ് ബ്രിട്ടനില്‍ ഫൈസര്‍ വാക്‌സീന്‍ ഉപയോഗിച്ച് തുടങ്ങിയത്. അതിനിടിയിലാണ് ലണ്ടനുള്‍പ്പെടെ വീണ്ടും നിയന്ത്രണങ്ങളിലേക്കു പോകുന്നത്.
ബ്രിട്ടനിൽ കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ ഇന്ത്യയിലും നിയന്ത്രണങ്ങൾ കടുപ്പിച്ചിട്ടുണ്ട്. ഇന്ത്യയിൽ ഏതാനും ആഴ്ചകളായി കാര്യമായ വർധനയില്ല. എന്നാൽ, തദ്ദേശ തിരഞ്ഞെടുപ്പുകളും ക്രിസ്മസും കണക്കിലെടുത്തു ജാഗ്രതാ മുന്നറിയിപ്പുണ്ട്. ആശങ്കകൾ വേണ്ടന്ന് സർക്കാരുകൾ പറയുന്നു.
വൈറസുകളിലെ ജനിതകമാറ്റം
വൈറസുകളിലെ ജനിതകമാറ്റം സാധാരണമാണ്. യുകെയിൽ കണ്ടെത്തിയ കൊറോണവൈറസ് പുതിയ വകഭേദം ആശങ്കയുയർത്തുന്നത് അതിന്റെ സാംക്രമികശേഷി കൊണ്ടു മാത്രമാണ്. VUI-202012/01 എന്ന പുതിയ വകഭേദത്തിൽ 23 ജനിതകമാറ്റങ്ങളാണു കണ്ടെത്തിയത്.
70 % അധികമാണു സാംക്രമികശേഷി. രോഗതീവ്രതയിലോ ലക്ഷണങ്ങളിലോ വ്യത്യാസമില്ല. ഇപ്പോഴുള്ള വാക്സീനുകൾ പുതിയ വകഭേദത്തിനെതിരെയും ഫലപ്രദമാകുമെന്നു ലോകാരോഗ്യ സംഘടന ചീഫ് സയന്റിസ്റ്റ് സൗമ്യ സ്വാമിനാഥൻ പറഞ്ഞു. യുഎസിലെ നിയുക്ത സർജൻ ജനറലും ഇന്ത്യൻ വംശജനുമായ ഡോ. വിവേക് മൂർത്തിയും ഇക്കാര്യം ആവർത്തിച്ചു.