കേന്ദ്രസർക്കാരിന്റെ കത്ത് സമയം കൊല്ലിയെന്ന് കർഷക സംഘടനകൾ; പ്രക്ഷോഭം ശക്തമാക്കി കർഷകർ

ന്യൂഡെൽഹി: സമരം ചെയ്യുന്ന കർഷകരെ അനുനയിപ്പിക്കാൻ വീണ്ടും ചർച്ചയ്ക്ക് ക്ഷണിച്ച കേന്ദ്രസർക്കാരിന്റെ കത്ത് സമയം കൊല്ലിയെന്ന് കർഷക സംഘടനകളുടെ യോഗത്തിൽ അഭിപ്രായം ഉയർന്നു. ഭൂരിപക്ഷം സംഘടനകളും ഈ അഭിപ്രായക്കാരായിരുന്നു.

എന്നാൽ ചർച്ച വേണമെന്ന അഭിപ്രായമാണ് യോഗത്തിൽ രണ്ട് സംഘടനകൾ നിലപാടെടുത്തത്. കാർഷിക നിയമങ്ങൾക്കെതിരെ ഡെൽഹി അതിർത്തികളിൽ നടത്തൂന്ന പ്രക്ഷോഭം ഇന്ന് 27-ാം ദിവസത്തിലേക്കെത്തി.

കർഷക സംഘടനകൾ തയ്യാറെങ്കിൽ ചർച്ചയാകാമെന്നാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്. നിയമങ്ങൾ പിൻവലിക്കുന്ന കാര്യത്തിൽ ഉറപ്പുനൽകാതെ ചർച്ചയിൽ പങ്കെടുക്കേണ്ടതില്ലെന്നാണ് പഞ്ചാബിൽ നിന്നുള്ള കർഷക സംഘടനകളുടെ തീരുമാനം.

മഹാരാഷ്ട്രയിൽ നിന്നുള്ള കർഷകരുടെ മാർച്ച് ‍ ഡെൽഹിയിലേക്ക് ആരംഭിച്ചിട്ടുണ്ട്. നാളെ ചൗധരി ചരൺ സിംഗിന്റെ ജന്മദിനത്തിൽ രാജ്യത്തെ ഗ്രാമവാസികളോട് ഒരു നേരത്തെ ഭക്ഷണം ഉപേക്ഷിച്ച് പ്രതിഷേധത്തിന്റെ ഭാഗമാകണമെന്ന് കർഷക സംഘടനകൾ അഭ്യർത്ഥിച്ചിട്ടുണ്ട്.