ബ്രിട്ടനില്‍ നിന്നും ഡെൽഹിയിലെത്തിയ അഞ്ച് പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു

ന്യൂഡെൽഹി: ബ്രിട്ടനില്‍ നിന്നും ഡെൽഹിയിലെത്തിയ അഞ്ച് പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. ബ്രിട്ടനില്‍ കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയ പശ്ചാത്തലത്തില്‍ ഇവരുടെ സാമ്പിളുകള്‍ വിശദമായ പരിശോധനയ്ക്ക് അയച്ചു.

വിമാനത്തില്‍ യാത്രക്കാരും ക്രൂ അംഗങ്ങളും ഉള്‍പ്പെടെ 266 ആളുകള്‍ ഉണ്ടായിരുന്നു. യാത്രക്കാർക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ വിമാനത്തിലുണ്ടായിരുന്നവര്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കി.
ബ്രിട്ടനില്‍ നിന്നും ചെന്നൈയിലെത്തിയ യാത്രക്കാരനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ജനിതക മാറ്റം സംഭവിച്ച വൈറസാണോയെന്ന് കണ്ടെത്താന്‍ സാമ്പിള്‍ പൂനെയിലെ എന്‍ഐവിയിലേയ്ക്ക് അയച്ചു. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് തമിഴ്‌നാട് ആരോഗ്യ വകുപ്പ് അറിയിച്ചു.

അതേസമയം ബ്രിട്ടനിൽ അതിവേഗം പടരുമെന്ന് കണ്ടെത്തിയ വൈറസ് മഹാരോഗത്തിന്റെ പുതിയ വകഭേദം നിലവില്‍ നിയന്ത്രണാതീതമല്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

വൈറസിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശരിയായ രീതിയില്‍ മുന്നേറുകയാണ്. വൈറസിനെ നിയന്ത്രണവിധേയമാക്കുന്നതിന് നിലവിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അല്‍പം കൂടി ഗൗരവത്തോടെയും കാലദൈര്‍ഘ്യമുണ്ടാകുന്നതുമായ തരത്തില്‍ തുടരണമെന്നും ലോകാരോഗ്യ സംഘടന അടിയന്തര വിഭാഗം അദ്ധ്യക്ഷന്‍ മൈക്കല്‍ റയാന്‍ അഭിപ്രായപ്പെട്ടു.

ബ്രിട്ടന് പുറമേ ദക്ഷിണാഫ്രിക്കയിലും ഇ‌റ്റലിയിലും വൈറസിന്റെ പുതിയ വകഭേദം കഴിഞ്ഞ ദിവസം കണ്ടെത്തി. തുടര്‍ന്ന് മുപ്പതോളം രാജ്യങ്ങള്‍ യു.കെയുമായുള‌ള അവരുടെ അതിര്‍ത്തി അടയ്‌ക്കുകയും ഇവിടേക്ക് പോകുന്നതിന് യാത്രാവിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്‌തു.